എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
ഞാന്‍ രാക്ഷസനും പീഡകനുമല്ല, സ്വപ്നങ്ങള്‍ നേടിയെടുക്കാനോ സന്തോഷിക്കാനോ കഴിയുന്നില്ല; ജിയാ ഖാന്‍ കേസില്‍ മനസ്സു തുറന്ന് സൂരജ് പഞ്ചോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday 9th November 2018 9:18pm

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്താണ് നടന്‍ സൂരജ് പഞ്ചോളി. നടി മരിച്ച് ആറ് വര്‍ഷത്തിനു ശേഷം സംഭവത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് സൂരജ് പഞ്ചോളി. 28ാം ജന്മ ദിനത്തിലാണ് കേസിനെക്കുറിച്ച് സൂരജ് മനസ്സു തുറന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് സൂരജ് പറയുന്നു. ‘ആറ് വര്‍ഷങ്ങള്‍ പലരും എന്നെ കൊലപാതകി എന്ന് വിളിച്ചു, രാക്ഷസന്‍ എന്നും പീഡകന്‍ എന്നും വിളിച്ചു. എന്നെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ ഞാന്‍ എന്നും വായിക്കാറുണ്ട്. അതെല്ലാം ഗൗനിക്കാതിരിക്കാനുള്ള മനശക്തി ഞാന്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. എന്നിട്ടും എനിക്കും എന്റെ പ്രിയപ്പെട്ടവര്‍ക്കും അതെല്ലാം മുറിവുകള്‍ സൃഷ്ടിച്ചു’- നടന്റെ കുറിപ്പില്‍ പറയുന്നു.


‘എന്നെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പലരും ചിത്രീകരിച്ചത് മോശമായിട്ടാണ്. മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ പറയും പോലെ ഞാന്‍ ഒരു രാക്ഷസനല്ല. ഒരാളെ കുറ്റപ്പെടുത്താനും മോശക്കാരനാക്കാനും എളുപ്പമാണ്. എന്നാല്‍ നിരപരാധിത്തം തെളിയിച്ച് പുറത്ത് വരാന്‍ ഒരുപാട് കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും’ സൂരജ് പറയുന്നു.

‘എന്റെ കഷ്ടകാലത്ത് എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. ഇതൊരു വലിയ യാത്രയായിരുന്നു. ജീവിതത്തെക്കുറിച്ച് ഇപ്പോഴും ഞാന്‍ അറിയാന്‍ ശ്രമിക്കുന്നു. ആറ് വര്‍ഷമായി ഞാന്‍ കേസിന് പിറകേയാണ്, ക്ഷമയോടും ബഹുമാനത്തോടും കൂടി വിചാരണ അവസാനിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

എനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി എനിക്കത് സാധിക്കുന്നില്ല. എന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാനോ സന്തോഷത്തോടെ ഇരിക്കാനോ എനിക്ക് കഴിയുന്നില്ല. ഈ വിചാരണ ഒരിക്കല്‍ നല്ല രീതിയില്‍ അവസാനിക്കുമെന്നും നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’-സൂരജ് പറയുന്നു.

ജിയയുടെ കാമുകനായിരുന്ന സൂരജിനെതിരേ പരാതി നല്‍കിയത് നടിയുടെ കുടുംബമായിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ജിയയെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.


സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ഥമായിരുന്നുവെന്നും ജിയയുടെ അമ്മ റാബിയ ഖാന്‍ പൊലീസിന്‍ മൊഴി നല്‍കിയിരുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആവുകയും ഗര്‍ഭം അലസിപ്പിക്കുകയും ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും റാബിയ പറഞ്ഞിരുന്നു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായതെന്നും റാബിയ പറഞ്ഞിരുന്നു.

ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി. വിവാദങ്ങള്‍ക്കിടയിലും ഹീറോ എന്ന ചിത്രത്തിലൂടെ സൂരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisement