എഡിറ്റര്‍
എഡിറ്റര്‍
സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിലേക്ക്
എഡിറ്റര്‍
Sunday 24th March 2013 4:26pm

കൊച്ചി: പിളര്‍പ്പിന്റെ സൂചന നല്‍കിക്കൊണ്ട് സോഷ്യലിസ്റ്റ് ജനതാ എം.പി വിരേന്ദ്ര വിരുദ്ധ വിഭാഗം കൊച്ചിയില്‍ രഹസ്യ യോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് യോഗം ചേര്‍ന്നത്.

Ads By Google

അറുപതോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് വിമത വിഭാഗത്തിന്റെ ശ്രമമെന്നും അറിയുന്നു.

കൂടാതെ ജനതാദള്‍ സെക്കുലറിലേക്ക് മടങ്ങിപ്പോകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പാര്‍ടിയുടെ നിലവിലുള്ള നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

ശ്രേയാംസ് കുമാര്‍ എം.എല്‍.എ ഏകാധിപത്യരീതിയിലാണ് പെരുമാറുന്നത്. വീരേന്ദ്രകുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ല. പല മുതിര്‍ന്ന നേതാക്കളേയും അടക്കി ഭരിക്കുന്ന രീതിയാണ് ശ്രേയാംസ് കുമാറിന്റേതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി നിലപാടുകള്‍ ഇടതുപക്ഷാഭിമുഖ്യത്തിലുള്ളതാണെന്നും യു.ഡി.എഫുമായി യോജിച്ചു പോവുന്നതില്‍ അര്‍ത്ഥമില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സോഷ്യലിസ്റ്റ് ജനതയില്‍ നിന്ന് പുറത്തുവരാനാണ് വിമതവിഭാഗത്തിന്റെ നീക്കമെന്നും അറിയുന്നു.എന്നാല്‍ യോഗത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല.

Advertisement