ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. കോരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ തുടര്‍ച്ചയായ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

സെമിയിലെ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് ഗ്രാഫിക്‌സും ചര്‍ച്ചയിലേക്കുയരുകയാണ്. സാധാരണയായി കണ്ട് വരുന്ന രീതിയില്‍ നിന്നും മാറി, ഇതുവരെ കാണാത്ത രീതിയില്‍ താരങ്ങളുടെ പേര് അവതരിപ്പിച്ചാണ് ഏഷ്യന്‍ ഗെയിംസ് സ്‌കോര്‍ കാര്‍ഡ് ഗ്രാഫിക്‌സ് ആരാധകരെ അമ്പരപ്പിച്ചത്.

താരങ്ങളുടെ പരിചിതമായ ഫസ്റ്റ് നെയ്മിന് പകരം ലാസ്റ്റ് നെയിമും മിഡില്‍ നെയിമുമെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു സ്‌കോര്‍ കാര്‍ഡ് ഗ്രാഫിക്‌സ്.

ഔദ്യോഗിക രജിസ്‌ട്രേഷനിലോ പാസ്‌പോര്‍ട്ടിലോ ഉള്ള മുഴുവന്‍ പേരുകള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഉപയോഗിച്ചതാണ് ഇതിന് കാരണമായത്.

ജെ.ജെ. ബുംറ, വി. സൂര്യവംശി, ഐ. കിഷന്‍ തുടങ്ങിയ ചില പേരുകള്‍ പെട്ടെന്ന് മനസിലാകുമെങ്കിലും, ചില പേരുകള്‍ എത്ര വായിച്ചാലും പിടികിട്ടണമെന്നില്ല.

ഇക്കൂട്ടത്തില്‍ പ്രധാനം തിലക് വര്‍മയുടെ പേരാണ്. ടി.ടി.വി നമ്പൂരി (T.T.V Namboori) എന്നാണ് സ്‌കോര്‍ കാര്‍ഡില്‍ താരത്തിന്റെ പേര്. നമ്പൂരി താക്കൂര്‍ തിലക് വര്‍മ എന്ന താരത്തിന്റെ പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമല്ലാത്ത രീതിയില്‍ രേഖപ്പെടുത്തിയത്.

സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പേരാണ് അടുത്തത്. ഡബ്ല്യൂ.എസ്. മണി സുന്ദര്‍ എന്നാണ് താരത്തിന്റെ പേര് ഗ്രാഫിക്‌സില്‍ കാണിച്ചത്.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേരാകട്ടെ എസ്. വിശ്വനാഥ് എന്നാണ് ഗ്രാഫിക്‌സ് കാര്‍ഡിലുണ്ടായിരുന്നത്. സഞ്ജു വിശ്വനാഥ് സാംസണ്‍ എന്ന മുഴുവന്‍ പേര് ചുരുക്കിയപ്പോഴാണ് ഇത്തരത്തിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേരെത്തിയത്.

സ്‌കോര്‍ കാര്‍ഡ് ഗ്രാഫിക്‌സിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായി.

അതേസമയം, മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 45 റണ്‍സിന് പുറത്താവുകയായിരുന്നു.

വെടിക്കെട്ട് വീരന്‍ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 46 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം പുറത്താകാതെ 80 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.

38 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാണംകെട്ട തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് വെറും 45 റണ്‍സിന് ടീം പുറത്തായി.

ഒപ്പം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും മോശം ടോട്ടല്‍ (ഫുള്‍ മാച്ച്) നേടുന്ന ടീം എന്ന അനാവശ്യ നേട്ടവും മരതകദ്വീപിന്റെ മാണിക്യങ്ങള്‍ തങ്ങളുടെ പേരില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

 

Content Highlight: Social media’s reaction to the broadcaster’s move of displaying the names of Tilak Varma, Sanju Samson, and Washington Sundar differently during the Asian Games.