നിലവില്‍ മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ദൃശ്യം ഫ്രാഞ്ചൈസിലെ ഇതിനോടകം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും മലയാളത്തില്‍ നിന്നും ലോക സിനിമയ്ക്ക് മുന്‍പിലേക്ക് വെച്ച് നീട്ടാന്‍ പറ്റിയ കിടില്ലന്‍ ക്രൈം ത്രില്ലറുകളായിരുന്നു. ഇതേ പ്രതീക്ഷയിലും ആവേശത്തിലുമാണ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങുന്ന ദൃശ്യം 3ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും പോലെ ചിത്രത്തിന്റെ പീക്ക് എക്സ്പീരിയന്‍സ് എന്ന് പറയുന്നത് അതിലെ ട്വിസ്റ്റുകളായിരിക്കും എന്നത് കൊണ്ട് തന്നെ ബുക്കിങ്ങ് ആരംഭിച്ച പലയിടത്തും ഇതിനോടകം ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്നാം ഭാഗത്തിന്റെ കഥ എന്ത് തന്നെയായലും ചിത്രവുമായി ബന്ധപ്പെട്ട സ്‌പോയിലറുകള്‍ പുറത്തുവിടരുതെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പ്രേമികളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. ആദ്യഭാഗത്തില്‍ വരുണിന്റെ ശവശരീരം പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിടുന്നതും രണ്ടാം ഭാഗത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കുഴിച്ചെടുത്ത അസ്ഥി വരുണിന്റെതല്ലാതായി മാറുന്നതുമായിരുന്നു സിനിമയുടെ നട്ടെല്ല്. ഈ രണ്ട് ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നതായിരുന്നു അതത് ചിത്രങ്ങളിലെ പീക്ക് എക്‌സ്പീരിയന്‍സും. മൂന്നാം ഭാഗത്തിലും അത്തരത്തിലൊരു ട്വിസ്റ്റ് തീര്‍ച്ചയായും സംവിധായകന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നത് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയാണ്.
അതിനാല്‍ ആദ്യ ദിവസങ്ങളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ യാതൊരു കാരണവശാലും ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ പുറത്തുവിട്ട് ചിത്രം കാണാത്തവരുടെ സിനിമാ അനുഭവം നശിപ്പിക്കരുതെന്ന് പറയുകയാണ് പലരും. ആദ്യ ദിവസങ്ങളിലും പ്രവര്‍ത്തി ദിവസങ്ങളിലും ചിത്രം കാണാന്‍ സാധിക്കാത്തവര്‍ക്കും ചിത്രം അതേ ആവേശത്തോടെ ആസ്വദിക്കണമെന്നതും അവരുടെ സിനിമാ അനുഭവത്തെ സ്‌പോയിലറുകള്‍ കൊണ്ട് വന്ന് നശിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ച ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഇതിനോടകം 25 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രീ സെയില്‍ പ്രകാരം ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷന്‍ ഇതിനോടകം 35 കോടിയും പിന്നിട്ടുണ്ട്. ആദ്യ ദിവസങ്ങിലെ പ്രതികരണങ്ങള്‍ ചിത്രത്തിന് അനുകൂലമായാല്‍ മലയാള സിനിമയിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള ചിത്രമാണ് ദൃശ്യം 3.
Content Highlight: Social media movie lovers reminds to avoid spoilers as Drishyam 3 about to release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.