മലയാളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് ചുരുളി. ഐ.ഫ്.എഫ്.കെയില്‍ ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടിയ ചിത്രമായും ചുരുളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തേക്കാളും അവതരണരീതിയേക്കാളും മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്തത് സിനിമയിലെ തെറി വിളികളെ കുറിച്ചായിരുന്നു. സിനിമയിലെ തെറിവിളികള്‍ക്കെതിരെ നിരവധി പേര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പകരം ജിസ് ജോയ് ആയിരുന്നു ചുരുളി സംവിധാനം ചെയ്തിരുന്നതെങ്കില്‍ എങ്ങനെയുണ്ടാകുമെന്ന പരീക്ഷണത്തിലാണ് സോഷ്യല്‍ മീഡിയ. അതിന്റെ ഭാഗമായി ഇറങ്ങിയ ചിത്രത്തിന്റെ ജിസ് ജോയ് വേര്‍ഷന്‍ ട്രെയ്‌ലറും സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്.

നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബി.ജി.എമ്മും ചേര്‍ത്താണ് ‘പുതിയ’ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തെറിവിളിയില്ലാതെ, അടിപിടിയില്ലാതെ ഇങ്ങനെയാവും ജിസ് ജോയ് ഈ സിനിമ എടുക്കുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Content Highlight: Social media celebrated trailer of  Jis Joy’s version of Churuli