തിയേറ്ററിൽ പൊട്ടിച്ചിരി, ഒ.ടി.ടിയിൽ ഫ്ലാറ്റ്; ചർച്ചയായി ഡ്യൂഡിന്റെ കൊഞ്ഞനംകുത്ത് സീൻ
Malayalam Cinema
തിയേറ്ററിൽ പൊട്ടിച്ചിരി, ഒ.ടി.ടിയിൽ ഫ്ലാറ്റ്; ചർച്ചയായി ഡ്യൂഡിന്റെ കൊഞ്ഞനംകുത്ത് സീൻ
നന്ദന എം.സി
Thursday, 7th May 2026, 3:58 pm

മലയാളി പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ ചിത്രങ്ങളിലൊന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’. ആദ്യഭാഗം പ്രതീക്ഷിച്ച വിജയം നേടാതിരുന്നെങ്കിലും പിന്നാലെ എത്തിയ രണ്ടാം ഭാഗവും മൂന്നാം ഭാഗവും വലിയ ജനപ്രീതി സ്വന്തമാക്കി.

ആട്3, Photo: IMDb

പ്രത്യേകിച്ച് ‘ആട് 3’ ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി വമ്പൻ വിജയമായി മാറുകയും ചെയ്തു. തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി കോമഡി രംഗങ്ങൾ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ വൈറലായിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തിയേറ്ററിൽ വലിയ രീതിയിൽ ചിരി പടർത്തിയ ചില രംഗങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ അതേ ഇമ്പാക്റ്റ് സൃഷ്ടിച്ചില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഡ്യൂഡിന്റെ കൊഞ്ഞനംകുത്ത് രംഗമാണ്.

ഷാജി പാപ്പാനെയും സംഘത്തെയും നോക്കി ഡ്യൂഡ് കൊഞ്ഞനംകുത്തുന്ന ആ രംഗം തിയേറ്ററുകളിൽ എത്തിയപ്പോൾ കൂട്ടചിരി ഉയർത്തിയ സീനുകളിൽ ഒന്നായിരുന്നു.

ആട്3, Photo: YouTube/ Screengrab

പ്രേക്ഷകരുടെ ആരവം, കൈയടി, തിയേറ്ററിലെ ആഘോഷം എന്നിവ ചേർന്നതോടെ രംഗം കൂടുതൽ എനർജറ്റിക്കായി അനുഭവപ്പെട്ടുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അതേ രംഗം ഒ.ടി.ടി വഴി വീട്ടിലിരുന്ന് കണ്ടപ്പോൾ പ്രതീക്ഷിച്ച പോലെ ചിരിപ്പിച്ചില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ഡ്യൂഡിന്റെ രംഗം മാത്രമല്ല, ചിത്രത്തിലെ മറ്റു ചില മാസ് കോമഡി മൊമെന്റുകളും തിയേറ്ററിൽ സൃഷ്ടിച്ച ഓളം ഒ.ടി.ടി യിൽ ലഭിച്ചില്ലെന്നാണ് അഭിപ്രായങ്ങൾ. അതേസമയം, സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് അതിന്റെ പ്രധാന ശക്തിയെന്ന് മറ്റൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു

ജയസൂര്യ നായകനായി എത്തിയ ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ശൈലിയിൽ ഒരുക്കിയ ‘ആട് 3’ നിർമിച്ചത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും ശ്രീ വേണു കുന്നപ്പിള്ളിയും ചേർന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നായി എത്തിയ ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്.

Content Highlight: Social media audience say that many scenes in Aadu 3 did not make them laugh when it came to OTT.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.