സംഗീതരംഗത്തെ തന്റെ തുടക്കനാളുകളെ കുറിച്ച് തുറന്നുപറഞ്ഞ് ഗായിക സിത്താര കൃഷ്ണകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചാനല്‍ പരിപാടിയുടെ വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ചെറുപ്പത്തിലെ തന്റെ നേര്‍ത്ത ശബ്ദത്തെ കുറിച്ച് ഉയര്‍ന്ന പ്രതികരണങ്ങള്‍ക്ക് മറുപടി പറയവേയാണ് ആദ്യ നാളുകളെ കുറിച്ച് സിത്താര പറഞ്ഞത്.
സംഗീതം അശാസ്ത്രീയമായി അഭ്യസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്റെ യഥാര്‍ത്ഥ ശബ്ദം തിരിച്ചറിയാനായതെന്നും സിത്താര പറയഞ്ഞു. പണ്ടും താന്‍ പാടുമായിരുന്നെങ്കിലും ശരീരവും മനസും നിറഞ്ഞ് പാടാന്‍ സാധിച്ചിരുന്നില്ലെന്നും മത്സരങ്ങളില്‍ പാടിയിരുന്നത് തൊണ്ട മാത്രം വെച്ചുള്ള ഒരു കളി മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു.
ഇന്നത്തെ ശബ്ദത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്നും പഴയ ആ നേര്‍ത്ത ശബ്ദം നിഷ്‌കളങ്കതയുടെയും ഉള്ളിലെ നന്മയുടെയും ഫലമാണെന്ന് പറയുന്നതിനോട് യോജിക്കുന്നേയില്ലെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സിത്താരയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടി.വിയില്‍ സിത്താര വന്ന ഒരു പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ചാനല്‍ വീണ്ടും ഷെയര്‍ ചെയ്തിരുന്നു. ഇതിന് വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സിത്താര പങ്കുവെച്ചിട്ടുണ്ട്.
‘കാലമിങ്ങനെ ശരിക്കും പറന്നുപോകുകയാണ്. എനിക്ക് 19 വയസ്സുള്ളപ്പോഴത്തെ വീഡിയോ ആണത്. ചെറുപ്പത്തിലെ എന്നെ ആളുകള്‍ ഓര്‍ക്കുന്നതും അഭിനന്ദിക്കുന്നതും സന്തോഷം തന്നെയാണ്. അതില്‍ നന്ദിയുമുണ്ട്.
പക്ഷെ, ഇതിലെ ചില കമന്റുകള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എന്റെ ശബ്ദത്തിന്റെ ടോണിനെ നിഷ്‌കളങ്കതയോടും ഉള്ളിലെ നന്മയുമായോടുമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
Content Highlight: Sithara Krishnakumar about her early days in the music field
