മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. അത്തരത്തില്‍ ട്വിറ്ററില്‍ അഭയ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിലുപരി അതൊരു പുതിയ അറിവും കൂടിയായിരുന്നു.

സംഗതി മറ്റൊന്നുമല്ല മലയാളികളുടെ പ്രിയ സിനിമാതാരമായ കൊച്ചുപ്രേമനെ കുറിച്ചായിരുന്നു അഭയയുടെ പോസ്റ്റ്. കൊച്ചുപ്രേമനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് കണ്ട് ആരാധകരും ഞെട്ടി. കാരണം അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമന്‍ എന്നത് പലര്‍ക്കും പുതിയ അറിവായിരുന്നു.

കൊച്ചുപ്രേമന്റെ സഹോദരി ലതിയുടെ മകളാണ് അഭയ. അഭയയുടെ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ചിത്രത്തിലുണ്ട്.

ഇത് പുതിയ അറിവായിപ്പോയെന്നും കൊച്ചുപ്രേമന്‍ അമ്മാവനാണെന്ന കാര്യം അറിഞ്ഞില്ലെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മാമനോടൊന്നും തോന്നല്ലേ മോനെ എന്നുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

കുട്ടിക്കാലം മുതല്‍ തങ്ങളുടെ എല്ലാമായിരുന്ന അമ്മാവനെ കുറിച്ചാണ് ഹിരണ്മയി കുറിച്ചിരിക്കുന്നത്. താന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായി ഒരു സ്വര്‍ണക്കമ്മല്‍ തനിക്ക് സമ്മാനിച്ചത് അമ്മാവനായിരുന്നെന്നും പത്താം ക്ലാസില്‍ വിജയിച്ചപ്പോഴും കോളേജില്‍ എത്തിയപ്പോഴും തനിക്ക് സമ്മാനങ്ങള്‍ കൊണ്ടു തരാറുള്ളത് അദ്ദേഹമായിരുന്നെന്നും അഭയ ഹിരണ്മയി കുറിക്കുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട സഹോദരിയുടെ മക്കളായതുകൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രസ്സും വാച്ചും ഒക്കെ കൊണ്ടുതരുന്ന, ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ കാശ് തരുന്ന ഞങ്ങളുടെ ഗിഫ്റ്റ് ബോക്‌സ് ആണ് അദ്ദേഹം എന്നാണ് അഭയ ഹിരണ്മയി ട്വിറ്ററില്‍ കുറിച്ചത്.

അഭയ ഹിരണ്മയിയുടെ കുറിപ്പ്..

ഞാന്‍ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു
പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മല്‍
കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മന്‍ തന്ന മൊബൈല്‍ ഫോണ്‍
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..??ഞങ്ങള് പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ്റ് ബോക്‌സ് ‘ ആണ് മാമന്‍..

content highlight; SINGER ABHAYA HIRANAMYI ABOUT UNCLE AND ACTOR KOCHU PREMAN