മോളിവുഡില്‍ ഒരുപിടി ക്ലാസിക്കുകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- സിബി മലയില്‍. കിരീടം, ഭരതം, ദശരഥം, സദയം തുടങ്ങി ഈ കോമ്പോയിലൊരുങ്ങിയ സിനിമകള്‍ എല്ലാം സിനിമാപ്രേമികള്‍ക്ക് ഫേവറെറ്റാണ്. ഈ കോമ്പോയിലൊരുങ്ങിയ എവര്‍ഗ്രീന്‍ ക്ലാസിക് കിരീടം വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
4K വേര്‍ഷനില്‍ റീമാസ്റ്റര്‍ ചെയ്താണ് കിരീടം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. ഒരു നിമിഷത്തെ എടുത്തുചാട്ടത്തില്‍ എല്ലാം നഷ്ടമായ സേതുമാധവനായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മോഹന്‍ലാലിനെ തേടിയെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
സിബി മലയില്‍ Photo: Screen grab/ Movie World Media
ക്യാമറക്ക് മുന്നില്‍ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സിബി മലയില്‍ പറയുന്നു. സദയം, ഭരതം, കമലദളം തുടങ്ങി നിരവധി സിനിമകള്‍ അതിന് ഉദാഹരണമാണെന്നും ഒരെണ്ണം മാത്രമായി എടുത്തുപറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘കിരീടം എന്ന സിനിമയില്‍ അയാളുടെ പെര്‍ഫോമന്‍സെല്ലാം ഗംഭീരമായിരുന്നു. പക്ഷേ, എന്നെ ഞെട്ടിച്ചത് ഡബ്ബിങ് സമയത്താണ്. അമ്മയുടെ അടുത്ത് വന്നിട്ട് ‘ജീവിതം എന്റെ കൈവിട്ട് പോവുകയാണ്’ എന്ന് പറയുന്ന സീനുണ്ടല്ലോ. അതിന് ലാല്‍ നല്‍കിയ മോഡുലേഷന്‍ അത്ഭുതപ്പെടുത്തി. കാണുമ്പോള്‍ ആര്‍ക്കും അത് സിമ്പിളായിട്ട് തോന്നും.
കിരീടം Photo: Screen grab/ Malayalam Movies
ലാല്‍ ഒരു സ്‌ട്രെയിനുമെടുക്കാതെ സിമ്പിളായി ചെയ്യുന്ന കാര്യങ്ങളാണ് അതൊക്കെ. അധികം ബലംപിടിക്കുകയോ ഒന്നും ചെയ്യേണ്ടി വരാറില്ല. അയാളുടെ പ്രധാന പ്രശ്‌നവും അതാണ്. എല്ലാ കാര്യവും ഒരു സ്‌ട്രെയിനുമില്ലാതെ ചെയ്യും. അതൊക്കെ അയാള്‍ക്ക് നാച്ചുറലായി വരുന്ന കാര്യങ്ങളാണ്. അതിന്റെ കാരണം എന്താണെന്നും അറിയില്ല,’ സിബി മലയില്‍ പറയുന്നു.
മോഹന്‍ലാലുമായി വീണ്ടുമൊരു പ്രൊജക്ട് ചെയ്യാനുള്ള പ്ലാനുകളുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരുപാട് കഥകള്‍ എഴുതുന്നുണ്ടെന്നും ശരിയായിട്ടുള്ള ഒരു കഥ കിട്ടുന്നില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. നല്ലൊരു കഥ ലഭിക്കുകയാണെങ്കില്‍ ചെയ്യുമെന്നും ഇമോഷനും ആക്ഷനുമൊക്കയുള്ള സിനിമയാണ് മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sibi Malayil saying Mohanlal didn’t take strain for Kireedam Dubbing