ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരക്ക് വേണ്ടി ശുഭ്മന്‍ ഗില്ലും സംഘവും ശ്രീലങ്കയിലേക്ക് പറന്നിരിക്കുകയാണ്.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ പോവുന്ന എട്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഗില്‍. 2017ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചിരുന്നത്. വിരാട് കോഹ്‌ലിയുടെ കീഴിലായിരുന്നു ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് കളിച്ചത്. 2015ലും വിരാടിന്റെ കീഴില്‍ ഇന്ത്യന്‍ സംഘം ശ്രീലങ്കയില്‍ പരമ്പര കളിച്ചു.
രണ്ട് തവണ ലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യന്‍ ക്യാപ്റ്റനും കോഹ്‌ലി തന്നെയാണ്. കപില്‍ ദേവ്(1985), മുഹമ്മദ് അസറുദ്ദിന്‍(1993), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1997), സൗരവ് ഗാംഗുലി(2001), അനില്‍ കുംബ്ലെ(2008), എം.എസ് ധോണി(2010) എന്നീ ക്യാപ്റ്റന്മാരും ലങ്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്.
അതേസമയം സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിനൊപ്പം കൊളോമ്പോയിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ താരം നിലവില്‍ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ തുടരുകയാണെന്നുമാണ് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സായ് സുദര്‍ശന് എപ്പോള്‍ ടീമിനൊപ്പം ചേരാനാവുമെന്ന് ഇതുവരെ മെഡിക്കല്‍ സംഘം അറിയിച്ചിട്ടില്ല.
അതേസമയം നേരത്തെ പേസര്‍ ജസ്പ്രീത് ബുംറയും പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ബുംറയുടെ പരിക്കിനെ സംബന്ധിച്ചുള്ള പ്രാഥമിക വിലയിരുത്തലില്‍ ബുംറയുടെ ഇടത് കാല്‍മുട്ടിന് ഇപ്പോഴും വേദനയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയായിരുന്നു താരം പരമ്പരയില്‍ നിന്നും പുറത്തായത്.
ബുംറക്ക് പകരം പേസര്‍ ഔഖിബ് നബി ദാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഔഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.