ക്രിക്കറ്റ് ലോകത്തിന് വീറും വാശിയുമുള്ള ഒട്ടനവധി മത്സരങ്ങളും ഒരുപിടി മികച്ച നിമിഷങ്ങളും സമ്മാനിച്ച് മറ്റൊരു ലോകകപ്പ് കൂടി കൊടിയിറിങ്ങിയിരിക്കുകയാണ്. പത്താം എഡിഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.

മൂന്നാം കിരീടം കൈപ്പിടിയിലൊതുക്കി ചരിത്രവും സൃഷ്ടിച്ചാണ് നീലപ്പട ലോകത്തിന്റെ നെറുകയിലെത്തിയത്. മലയാളി സഞ്ജു സാംസണാണ് ഈ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. ഒപ്പം ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനുമെല്ലാം ഇന്ത്യയുടെ മുന്നേറ്റത്തില്‍ തങ്ങളുടെ പങ്കുവഹിച്ചു.

ശിവം ദുബെ. Photo: BCCI/x.com

ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെയുടെ ഒരു അപൂര്‍വ റെക്കോഡാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കളിച്ച എല്ലാ ടി – 20 ഫൈനലിലുകളിലും ജയവുമായാണ് താരം തിരികെ കയറിയത്. ഇതുവരെ താരം ആറ് ടി – 20 ഫൈനലുകളിലാണ് കളത്തിലിറങ്ങിയത്. അതില്‍ ഒന്നില്‍ പോലും ഓള്‍ റൗണ്ടര്‍ തോല്‍വി വഴങ്ങിയിട്ടില്ല.

2022ലാണ് ദുബെ ഒരു ടി – 20 ഫൈനല്‍ ഇറങ്ങിയത്. ഇന്ത്യയുടെ ആഭ്യന്തര ടി – 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കൊപ്പമായിരുന്നു താരത്തിന്റെ ആദ്യ ഫൈനല്‍. അതില്‍ മുംബൈ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് മുംബൈ കിരീടം ഉയര്‍ത്തി.

അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ ദുബെ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഫൈനലില്‍ കളിച്ചു. അതിലും വിജയം തന്നെയായിരുന്നു ഫലം. 2024 ല്‍ താരം ഇന്ത്യന്‍ കുപ്പായത്തില്‍ ടി – 20 ലോകകപ്പിനെത്തി. അവിടെയും മുംബൈ താരത്തിന് തോല്‍വി വഴങ്ങേണ്ടി വന്നില്ല. സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയതോടെ താരം തന്റെ ഫൈനല്‍ വിജയസ്ട്രീക്ക് തുടര്‍ന്നു.

ശിവം ദുബെ. Photo: BCCI/x.com

2025ല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയപ്പോള്‍ ദുബൈയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ ടി – 20 ഫോര്‍മാറ്റിലെത്തിയ ടൂര്‍ണമെന്റില്‍ നീലപ്പട പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ഫൈനലില്‍ വിജയം താരം ആവര്‍ത്തിച്ചു.

ഇപ്പോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തിയപ്പോള്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ കൂടെ ഒരിക്കല്‍ കൂടി താരം ഫൈനലില്‍ വിജയം രുചിച്ചു. അതോടെ ടി – 20 ഫൈനലുകളില്‍ താരത്തിന് 100 ശതമാനം വിജയം കുറിക്കാനും സാധിച്ചു.

Content Highlight: Shivam Dube has won all 6 finals he played in T20 Cricket

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ