2026 പാകിസ്ഥാന്‍ ട്രൈനേഷന്‍ സീരിസില്‍ ഇംഗ്ലണ്ടിനെതിരെ മിന്നും വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. റാവല്‍പിണ്ടിയില്‍ നടന്ന ഹൈസ്‌കോറിങ് ത്രില്ലറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 430 റണ്‍സ് വിജയലക്ഷ്യം ലങ്ക ഒരു പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

പവന്‍ രത്നനായകെയുടെ സെഞ്ച്വറിയുടെയും ദാസുന്‍ ഷണകയുടെയും അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുകളുടെയും കരുത്തിലാണ് ലങ്കയുടെ വിജയം.

ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സക്‌സസ്ഫുള്‍ റണ്‍ ചെയ്സിന്റെ റെക്കോഡോടെയാണ് ലങ്ക മത്സരം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 116 പന്തില്‍ 202 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. 10 സിക്‌സും 21 ഫോറും ഉള്‍പ്പെടെ ഡബിള്‍ സെഞ്ച്വറി നേടിയിട്ടും ഫലമില്ലാതെ പോകുകയായിരുന്നു.

എന്നാല്‍ ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ബ്രൂക്കിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തിലെ പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമായിരിക്കുകയാണ് ത്രീലയണ്‍സ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്.

അന്താരാഷ്ട്ര ഏകദിനത്തിലെ പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങള്‍

(താരം, എതിരാളി, റണ്‍സ്, വര്‍ഷം എന്ന ക്രമത്തില്‍)

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – ശ്രീലങ്ക – 202 – 2026*

ഷാര്‍ലെസ് കോവെന്‍ട്രി (സിംബാബ്‌വേ) – 194* – 2009

ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍) – സൗത്ത് ആഫ്രിക്ക – 193 – 2021

ജോര്‍ജ് മുന്‍സേ (സ്‌കോട്‌ലാന്‍ഡ്) – നെതര്‍ലാന്‍ഡ് – 191 – 2025

ബ്രൂക്കിന് പുറമെ ജോ റൂട്ട്, വില്‍ ജാക്‌സ്, ടോം ബാന്റണ്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായും തിളങ്ങി.

റൂട്ട് 66 പന്തില്‍ 69 റണ്‍സും ബാന്റണ്‍ 51 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 30 പന്ത് നേരിട്ട് മൂന്ന് സിക്‌സറും എട്ട് ഫോറും അടക്കം പുറത്താകാതെ 66 റണ്‍സുമായാണ് വില്‍ ജാക്‌സ് തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി പവന്‍ രത്നനായകെ 106 പന്തില്‍ 130 റണ്‍സ് നേടി. 15 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ദാസുന്‍ ഷണക 50 പന്തില്‍ നിന്നും അവിഷ്‌ക ഫെര്‍ണാണ്ടോ 83 പന്തില്‍ നിന്നും 97 റണ്‍സ് വീതം സ്വന്തമാക്കി. 27 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ ജനിത് ലിയനാഗെയുടെ വെടിക്കെട്ട് ഇന്നിങ്‌സും ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി.

വിജയിക്കാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ സിക്സറടിച്ചുകൊണ്ട് ലിയനാഗെ ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Content Highlight: Harry Brook In Great Record Achievement In ODI Losing Cause