സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് വന്ന് പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സജീവമായ നടനാണ് ഷൈന്‍ ടോം ചാക്കോ.

താരം സിനിമയിലേക്ക് വന്നിട്ട് ഇപ്പോള്‍ 13 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയുടെ 100ാമത്തെ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം ഈയിടെ റിലീസായിരുന്നു.

തന്റെ ജീവിതത്തില്‍ താന്‍ ഏറ്റവും പ്രധാന്യം കൊടുത്തിട്ടുള്ളത് സിനിമക്കാണെന്ന് പറയുകയാണ് ഷൈന്‍. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടി നായകനായ രാപ്പകലിന്റെ സെറ്റില്‍ വെച്ച് നടന്ന കാര്യങ്ങളും താരം അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും പ്രധാന്യം കൊടുത്തിട്ടുള്ളത് സിനിമക്കാണ്. ലാലേട്ടനാണ് എന്നെ കൂടുതലും ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ളത്. അദ്ദേഹമാണ് സിനിമയിലേക്ക് വരാനും ഒരു അഭിനേതാവാകാനും എന്നെ സ്വാധീനിച്ചത്.

എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തത് മമ്മൂക്കയുടെ കൂടെയാണ്. ഞാന്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു കടുത്ത ലാലേട്ടന്‍ ആരാധകനാണ്. മമ്മൂക്കയെ പരിചയപെടുന്നത് വരെയായിരുന്നു അത്. പതിയെയാണ് മമ്മൂക്കയുമായുള്ള ബന്ധം ഉണ്ടാവുക.

ആദ്യം ഞാന്‍ മമ്മൂക്കയെ കാണുന്നത് രാപ്പകലിന്റെ സെറ്റിലായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോലും പോയിരുന്നില്ല. ദൂരെ നിന്നാണ് കമന്റടിക്കുന്നത്. ഒരു ദിവസം മമ്മൂക്ക ഒരു അഭ്യാസം കാണിക്കുകയാണ്. ഞാന്‍ പെട്ടെന്ന് സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് കമന്റ് പറഞ്ഞു. അത് രണ്ടുമൂന്നു ആളുകള്‍ കേട്ടിരുന്നു.

പിന്നാലെ മമ്മൂക്ക ഇനിയെന്നെ വിളിപ്പിക്കുമെന്നും നാളെ തന്നെ ആ പടത്തില്‍ നിന്ന് പുറത്താക്കുമെന്നും ഒരു കരകമ്പി കേട്ടു. ഞാന്‍ രാത്രി മമ്മൂക്കയുടെ മുറിയില്‍ ചെന്ന് ക്ഷമ ചോദിക്കാന്‍ വരെ തീരുമാനിച്ചു.

പക്ഷേ രാവിലെ ചെന്നപ്പോള്‍ ഇക്ക വളരെ കൂളായി നില്‍ക്കുന്നതാണ് കാണുന്നത്. ഇക്ക ഇതുവരെ അതിനെ പറ്റി ചോദിച്ചിട്ടില്ല,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Content Highlight: Shine Tom Chacko Talks About Rappakal Movie Location Incident