മലയാളി പ്രേക്ഷകര്‍ക്കെന്ന പോലെ മാധ്യമങ്ങള്‍ക്കും പ്രിയപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. അഭിനയം കൊണ്ട് ശ്രദ്ധ നേടുന്നത് പോലെ തന്നെ വാര്‍ത്തകളിലും ഷൈന്‍ പലപ്പോഴും സാന്നിധ്യമാകാറുണ്ട്. തന്നെ പറ്റി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്ന രീതിയെ വിമര്‍ശിക്കുകയാണ് ഷൈന്‍.

ഷൈന്‍ ടോം ചാക്കോ ‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2015 ല്‍ താന്‍ കുറ്റാരോപിതനായ കൊക്കെയ്ന്‍ കേസിലും മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെയും ഷൈന്‍ വിമര്‍ശനമുന്നയിച്ചു. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം.

‘മാധ്യമങ്ങള്‍ക്ക് വിശദാംശങ്ങള്‍ അറിയണ്ട, വാര്‍ത്ത മാത്രം മതി. കൊടുത്ത വാര്‍ത്ത തെറ്റാണെന്ന് മനസ്സിലായാല്‍ പോലും അത് തിരുത്തി കൊടുക്കാന്‍ പലരും തയ്യാറാവുന്നില്ല. ഷൈന്‍ ടോം ചാക്കോ ‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അടിച്ചുവരുന്നതൊക്കെ തമാശയല്ലേ!

അതുപോലെ ഒന്നാണ്, ഞാന്‍ മയക്കുമരുന്ന് അടിച്ചു അഭിമുഖം നല്‍കി എന്ന വാര്‍ത്ത. കാലിനു വയ്യാതെ വേദനസംഹാരികള്‍ കഴിച്ചിരിക്കുന്നതിനിടയിലാണ് ഞാന്‍ വെയില്‍ പ്രമോഷന്റെ ഭാഗമായി ആ അഭിമുഖങ്ങള്‍ നല്‍കുന്നത്. ഞാന്‍ കാലിനു മരുന്നുവച്ചുകെട്ടി വരുന്നതുവരെ കാത്തിരുന്നവരാണ്, എന്റെ അവസ്ഥ നന്നായി കണ്ടറിഞ്ഞവര്‍, എന്നിട്ടും മയക്കുമരുന്ന് അടിച്ചാണ് സംസാരിച്ചതെന്ന രീതിയില്‍ വളച്ചൊടിക്കപ്പെട്ടു.

അന്ന് ആ കേസു നടക്കുന്ന സമയത്തുമതെ, ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍. ഫലം വന്നപ്പോള്‍ നെഗറ്റീവ്.

എന്നാല്‍ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാര്‍ത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തില്‍ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആര്‍ക്കുമറിയേണ്ട,’ ഷൈന്‍ പറഞ്ഞു.

2015 ജനുവരി 30 ന് ആയിരുന്നു ഷൈനിനെ കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്.

പിന്നീട് പുറത്തിറങ്ങിയ ഷൈന്‍ ഗംഭീര തിരിച്ചുവരവാണ് സിനിമയില്‍ നടത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി ഷൈന്‍ ടോം ചാക്കോ മാറി. ഭീഷ്മ പര്‍വ്വമാണ് അവസാനമായി പുറത്തിറങ്ങിയ ഷൈനിന്റെ ചിത്രം.

ഷൈന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ടൊവിനോ നായകനായ തല്ലുമാലയിലാണ് ഇപ്പോള്‍ ഷൈന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിലും ഷൈന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.


Content Highlight: shine tom chacko criticize media