ഷിജു. ആര്‍
ഷിജു. ആര്‍
Opinion
കുഞ്ഞാടിന്‍ കൂട്ടങ്ങളേ..നിങ്ങളാണീ മാഫിയയുടെ മൂലധനം
ഷിജു. ആര്‍
Monday 9th July 2018 3:25pm

”സര്‍വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാല്‍, നിത്യകന്യകയായ വിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍.’

(കുമ്പസാര ജപം , ആദ്യഭാഗം )

തകരാന്‍ പോവുന്ന ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അത്രമേല്‍ വിശ്വാസത്തോടെ തന്റെ മനസ്സ് കയ്യേല്‍പ്പിച്ച കുഞ്ഞാടിനെ ആ ഇടയന്‍ ക്ഷണിച്ചത് ആത്മശാന്തിയുടെ വിശുദ്ധ വഴിയിലേക്കല്ല. വിശിഷ്ട ഭോജ്യങ്ങളും വീഞ്ഞും തന്റെയും കൂട്ടുകാരുടേയും സിരകളിലും രക്തത്തിലും നിറച്ച മദപ്പാടിന്റെ, കാമവും ഭോഗവും നിറഞ്ഞ വഴികളിലേക്കായിരുന്നു.

കത്തോലിക്കാരെപ്പോലെ പുരോഹിതന്മാര്‍ക്ക് വൈവാഹിക ബന്ധത്തിന് വിലക്കുള്ളവരല്ല ഓര്‍ത്തഡോക്‌സുകാര്‍. പ്രകാശന സാദ്ധ്യതയില്ലാതെ അണകെട്ടി നിര്‍ത്തിയ പുരുഷ ലൈംഗികതയാണ് ബലാല്‍സംഗങ്ങളുടെ ചോദനമെന്ന് ഇപ്പോഴും കരുതുന്ന നിഷ്‌കളങ്കരേ , അധികാരമുള്ളവന്റെ ആനന്ദം തേടിയുള്ള മൃഗയാ വിനോദമാണത്.

ഇടയന്‍ കുഞ്ഞാടിനെ, നേതാവ് അണിയെ, ഗൈഡ് ഗവേഷക വിദ്യാര്‍ത്ഥിനിയെ, അച്ഛനും ഇളയച്ഛനും മക്കളെ , ഇങ്ങനെ തങ്ങള്‍ക്ക് പ്രസാദിപ്പിക്കേണ്ട ഇഷ്ടദൈവങ്ങള്‍ക്ക് മുന്നില്‍ സ്വന്തം ഉടലുകൂടി നേദിക്കാന്‍ വിധിക്കപ്പെട്ട പെണ്‍ജന്മങ്ങളുടെ ചിതറിയ ജീവിതങ്ങളുടെ വാര്‍ത്തകള്‍ വന്നു നിറയുന്നു ചുറ്റിലും.

കുമ്പസാരക്കൂട്ടിലെ കുഞ്ഞാടാണ് ഒരു സഭയിലെ തീന്മേശാ വിഭവമായതെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടിമാരെത്തന്നെയാണ് മറ്റൊരു സഭയിലെ പുരോഹിതന്‍ പീഡിപ്പിച്ചതായി വാര്‍ത്തകളുള്ളത്.

ധാര്‍മ്മിക രോഷമുള്ളവര്‍ സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥ വായിക്കണം. അല്ലെങ്കില്‍ കന്യാസ്ത്രീയാവാന്‍ ഇറങ്ങിത്തിരിച്ച്, ഉജ്ജ്വലമായൊരു പ്രക്ഷോഭമായിത്തീര്‍ന്ന ദയാബായിയുടെ ജീവിതം വായിക്കണം. കണ്‍മുന്നില്‍ മരിച്ചുവീണ സിസ്റ്റര്‍ അഭയയുടെ കേസിന്റെ നാള്‍വഴികള്‍. അതിലൊക്കെ ചോരയില്‍ കൊത്തിവച്ചിട്ടുണ്ട് പൗരോഹിത്യ മതത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍.

എന്നിട്ടുമൊന്നും പഠിക്കാതെ, ഒരു ചോദ്യവും ചോദിക്കാതെ പിന്തുടരുന്ന കുഞ്ഞാടിന്‍ കൂട്ടങ്ങളുണ്ടല്ലോ, അവരാണീ മാഫിയകളുടെ മൂലധനം . ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് ചരിത്രത്തിലും വര്‍ത്തമാനത്തിലും വേരുകളുണ്ട്. നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അനേകായിരം മനുഷ്യരെക്കുറിച്ചല്ല, തീര്‍ത്തും ഒറ്റപ്പെട്ടതെന്നു കരുതാനാവാത്ത ജീര്‍ണ്ണതകള്‍ക്ക് കുട പിടിക്കുന്ന വ്യവസ്ഥകളെക്കുറിച്ചാണ് പറയുന്നത്.

സ്വര്‍ഗ്ഗലോകത്തെ ഏദന്‍തോട്ടം പകരം നല്‍കി നേടിയതാണ് മനുഷ്യന്‍ ഇക്കാണുന്ന ഭൂമി. ജ്ഞാനത്തിന്റെ വിലക്കപ്പെട്ട കനികഴിച്ച് നേടിയ ആദ്യ തിരിച്ചറിവ് നഗ്‌നതയും ലൈംഗികതയുമാണ്. ജൈവിക ചോദനകളെയും തിരിച്ചറിവുകളേയും മുഴുവന്‍ പാപമായെണ്ണുന്ന ലോകദര്‍ശനം ഉല്പത്തികഥയിലുണ്ട്. അതു കൊണ്ട് ക്രൈസ്തവ മതം അതിന്റെ അനുയായി സമൂഹത്തിന് പൊതുവിലും പൗരോഹിത്യത്തിന് വിശേഷിച്ചതും കടുത്തതും കര്‍ശനവുമായ ജീവിതക്രമം അനുശാസിക്കുന്നു.

കര്‍ശന ക്രൈസ്തവമത നിയമങ്ങളുടെ ഇരുണ്ട കാലം പിന്നിട്ടാണ് യൂറോപ്പ് മനുഷ്യ വിമോചനത്തിന്റെ നവോത്ഥാനത്തിലേക്ക് നടുനിവര്‍ത്തിയത് . അപ്പോഴേക്കും വിജ്ഞാന സമ്പന്നമായ എത്രയോ ഗ്രന്ഥശേഖരങ്ങള്‍ ഈ സങ്കുചിത മത രാഷ്ട്രീയം ചുട്ടെരിച്ചു കഴിഞ്ഞിരുന്നു. നാം ജീവിക്കുന്ന ലോകത്തിന്റെ കേന്ദ്രം ഭൂമിയല്ലെന്നും ഭൂമി സൂര്യനെ കേന്ദ്രമാക്കി കറങ്ങുന്ന ഒരു ഗോളം മാത്രമാണെന്നും കണ്ടെത്തിയ കോപ്പര്‍ നിക്കസ്, ഗലീലിയോ തുടങ്ങിയവര്‍ മതത്താല്‍ വേട്ടയാടപ്പെട്ട പ്രതിഭകളില്‍ ചിലര്‍ മാത്രം. ഇതില്‍ പ്രത്യേകം പറയേണ്ടതുണ്ട് ജിയോര്‍ഡാനോ ബ്രൂണോ എന്ന പേര്. 1600 കളില്‍ മതകോടതിയുടെ വിചാരണയ്‌ക്കൊടുവില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ട പ്രതിഭാശാലിയാണദ്ദേഹം.

കോപ്പര്‍നിക്കസ് ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി വിശദീകരിച്ച ‘ഓന്‍ ദ റവല്യൂഷന്‍സ് ഓഫ് ദി സെലക്ട്യല്‍ സ്ഫിയേഴ്സ്’ എന്ന ഗ്രന്ഥം 1616-ല്‍ കത്തോലിക്കാ സഭ പുസ്തകം നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. ഗലീലിയോ മതദ്രോഹ വിചാരണ നേരിടേണ്ടി വന്നു. തന്റെ സിദ്ധാന്തങ്ങളില്‍ പലതില്‍ നിന്നും പിറകോട്ടു പോവുമ്പോഴും വരും കാലം തന്നെ തിരിച്ചറിയുമെന്ന് അദ്ദേഹത്തിന് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു.

നവോത്ഥാനവും ആധുനികതയും കമ്മ്യൂണിസവും സ്ത്രീ വാദവും ശാസ്ത്ര തത്വങ്ങളുടെ മുന്നേറ്റവും പല തലങ്ങളില്‍ രൂക്ഷമായ മത വിമര്‍ശനത്തിന്റെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് യൂറോപ്പില്‍ വഴി തെളിയിക്കുന്നുണ്ട്. മത നവീകരണത്തിനു മാത്രമല്ല , വലിയ അളവോളം മതനിരാസത്തിനു തന്നെ അത് വഴി തെളിയിക്കുന്നുണ്ട്.

മതം സാമൂഹ്യ തലത്തില്‍ മാത്രമല്ല , അതു മുന്നോട്ട് വച്ച ലൈംഗിക / സദാചാര ശാഠ്യങ്ങളെയും ഏറെക്കുറെ കുടഞ്ഞെറിഞ്ഞ വ്യക്തി ജീവിതം കൂടി ശരാശരി യൂറോപ്യന്‍ സാഹചര്യത്തിലിന്നുണ്ട്. ജീവിത നിയന്ത്രണത്തിനുള്ള സംഘടന എന്നതിനേക്കാള്‍ ആനുഭൂതികമായ സാന്നിദ്ധ്യമാവണം ഇന്നവിടെ മതം.

എന്നാല്‍ കൊളോണിയലിസം പകര്‍ന്നു തന്ന സെമിറ്റിക് / വിക്ടോറിയന്‍ ലൈംഗിക സദാചാര മൂല്യങ്ങള്‍, അവ പിന്തുടരുന്ന പുരുഷാധിപത്യ കുടുംബഘടന ഇവയൊക്കെ ഒഴിയാബാധപോലെ കൊണ്ടു നടക്കുകയാണ് ഇന്ത്യ പോലെ കോളനി രാജ്യങ്ങളിന്നും. വ്യത്യസ്ത ജാതി / ഗോത്ര സമൂഹങ്ങളിലെ പല മാതൃകയിലുള്ള ജീവിത മാതൃകകളെ ഏക മാതൃകയിലുള്ളതാക്കിയത് കോളനിക്കാലമാണ്.യൂറോപ്പ്യന്‍ സ്വാധീനവുമാണ്. ഇത് ഏകതാന മാതൃകയെ സനാതന ആര്‍ഷ ഭാരത സംസ്‌കാരമായി സംഘ പരിവാറുകാരൊക്കെ തെറ്റിദ്ധരിക്കുന്നത്. അതാണ് വഴിയോരത്ത് സംസാരിച്ചു നില്‍ക്കുന്ന കമിതാക്കളെ തല്ലിയോടിക്കുന്ന ഹനുമാന്‍ സേനക്കാരെ സൃഷ്ടിക്കുന്നത്.

വിദ്യാഭ്യാസത്തിലും രാഷ്ട്ര നിര്‍മ്മിതിയിലുമുള്ള മതവീക്ഷണങ്ങളുടെ സ്വാധീനം , വലിയ തോതിലുളള ദാരിദ്ര്യം, മറ്റു സാമൂഹ്യാസമത്വങ്ങള്‍, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയവ കാരണം ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇന്നും സംഘടിത മതസ്ഥാപനങ്ങളുടെ നല്ല വിളനിലമാണ്.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ആശുപത്രി സമുച്ചയങ്ങളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയായി കോര്‍പ്പറേറ്റ് നിലവാരത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടവയാണ് മിക്കവാറും മത സഭകളും സംഘടനകളും. ഹിന്ദു മതത്തില്‍ ജാതി / സാമുദായിക നേതൃത്വങ്ങള്‍ക്കാണീ പ്രമാണിത്തവും മേധാവിത്തവും. മുസ്‌ലീം, ക്രിസ്തുമതത്തില്‍ ഇടവകകളും മഹല്‍ കമ്മറ്റികളും വിശ്വാസിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളില്‍ വരെ ഇടപെടാന്‍ ശേഷിയുള്ള സംഘടനാ സംവിധാനമാണ്.

ഒരു ആധുനിക സമൂഹമെന്ന നിലയില്‍ വികസിക്കാന്‍ ഏറ്റവും വിഘാതം സൃഷ്ടിക്കുന്നവയാണ് ഈ സംവിധാനങ്ങളെല്ലാം. വെല്ലുവിളിക്കാന്‍ കഴിയാത്ത മാഫിയകളായി അവ മാറുന്നു. ഈ ശേഷിയാണ് മേല്പറഞ്ഞ അത്യാചാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

ഗംഭീരമായ മതവിമര്‍ശനത്തിന്റെയും മതനവീകരണത്തിന്റെയും ചരിത്രമുണ്ട് നമുക്ക്. ലാറ്റിനമേരിക്കന്‍ / കരീബിയന്‍ രാജ്യങ്ങളിലുയര്‍ന്ന ലിബറേഷന്‍ തിയോളജിയുടെ അലകള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലാറ്റിനമേരിക്കയിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിലും കോളനിവല്‍ക്കരണത്തോടൊപ്പം കടന്നു വന്ന കൃസ്തുമതം കൊളോണിയല്‍ ഭരണാധികാരത്തിന്റെ ക്രൂരതകള്‍ക്കും അതിന്റെ ഗുണഭോക്താക്കളായ ന്യൂനപക്ഷം തദ്ദേശീയര്‍ക്കുമൊപ്പമായിരുന്നു.

കോളനിവല്‍ക്കരണത്തിന്റെ ക്രൂരതകളനുഭവിക്കുന്ന ജനസമാന്യത്തെ ഭരണകൂടത്തിനനുകൂലമായി വഴക്കിയെടുക്കുകയായിരുന്നു പള്ളിയുടെ ദൗത്യം. ഇതിനെതിരെ ഉയര്‍ന്ന മതനവീകരണ പ്രസ്ഥാനമായിരുന്നു വിമോചന ദൈവശാസ്ത്രം. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് അടക്കമുള്ള നിരവധി പേര്‍ ഈ വഴിയില്‍ സഞ്ചരിക്കുന്നവരായിരുന്നു. പക്ഷേ പാതിവഴിയില്‍ നിലച്ചൊരു പ്രവാഹമായി ആ ചോദ്യങ്ങള്‍ കെട്ടടങ്ങി. വിമോചന ദൈവശാസ്ത്രത്തിന്റെ സംവാദാത്മകമായ വീണ്ടെടുപ്പിന് തയ്യാറാവുമോ വിശ്വാസിസമൂഹം ?

”അദ്വൈതത്തിനൊരര്‍ത്ഥം നല്‍കിയ ശ്രീനാരായണ ഗുരു പോലും പുതു മടിശ്ശീലക്കാരുടെയിടയില്‍ ശ്വാസം മുട്ടിപ്പിടയുന്നു ..
മനുഷ്യനു വേണ്ടി മരക്കുരിശ്ശേറിയ യരുശലേമിന്‍ പ്രിയപുത്രന്‍ റബ്ബര്‍ മുതലാളികളുടെ സ്വര്‍ണ്ണക്കുരിശില്‍ തേങ്ങിക്കരയുന്നു .”
എന്ന് പടപ്പാട്ടു പാടിയതായിരുന്നു നമ്മുടെ രാഷ്ടീയ യൗവ്വനം.

താല്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള മത പ്രീണനത്തിനു പകരം ആഴത്തിലുള്ള മത വിമര്‍ശനം നമ്മുടെ രാഷ്ട്രീയ / സാമൂഹ്യ ഇടപെടലുകളുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ടല്ലാതെ ഇത്തരം ദുരന്തങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയില്ല .

 

ഷിജു. ആര്‍
Advertisement