sheena-boraമുംബൈ: ഷീനാ ബോറ കൊലപാതകത്തില്‍ മുഖ്യ പ്രതിയും വളര്‍ത്തച്ഛനുമായ സഞ്ജീവ് ഖന്ന കുറ്റകൃത്യത്തിലുള്ള തന്റെ പങ്ക് തുറന്നുപറഞ്ഞെന്ന് മുംബൈ പോലീസ്. വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മറിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷീനയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, മറ്റൊരു മുഖ്യ പ്രതിയും ഇന്ദ്രാണിയുടെ ഡ്രൈവറുമായ ഷ്യാം റായ്, ഷീനയുടെ സഹോദരന്‍ മിഖയില്‍ ബോറ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കിയശേഷമായിരുന്നു പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്. ആഗസ്റ്റ് 31 വരെ സഞ്ജീവ് ഖന്നയെ പോലീസ് റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഷീനയെ ദഹിപ്പിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്തു നിന്നും ഒരു തലയോട്ടിയും അസ്ഥികളും ലഭിച്ചിരുന്നു. ഇവ ഫോറന്‍സിക് പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇവ ഷീനയുടേതെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെയുള്ള സുപ്രധാന തെളിവായിരിക്കും ഇവ.

2012 ഏപ്രില്‍ 24ന് സ്യൂട്ട് കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരു സ്ത്രീയുടെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയിരുന്നത്. കാര്യമായ ഫോറന്‍സിക് പരിശോധനകളൊന്നും കൂടാതെ പോലീസ് ഇത് പിന്നീട് സംസ്‌കരിക്കുകയായിരുന്നു.

ഷീനയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം സ്യൂട്ട് കേസിലാക്കി കത്തിക്കുകയായിരുന്നെന്നാണ് പോലീസ് ഇപ്പോള്‍ അനുമാനിക്കുന്നത്.

ഷീനയുടെ കാമുകന്‍ രാഹുല്‍ മുഖെര്‍ജി താമസിച്ചിരുന്ന ഡറാഡൂണില്‍ നിന്നുമാണ് പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നത്. ഇതേ പറ്റി രാകേഷ് മറിയ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് രാഹുലിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.

രാഹുലും ഷീനയും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാരിച്ചിരുന്നതായി പോലീസ് പറയുന്നു. ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ഭാര്യയിലെ മകനാണ് രാഹുല്‍ മുഖര്‍ജീ. എന്നാല്‍ ഈ വിവാഹാലോചന കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഷീനയെ കാണാതാവുന്നത്. ഷീനയുടെ പാസ്‌പോര്‍ട്ട് തന്റെ കൈവശം ഉള്ളപ്പോള്‍ എങ്ങനെയാണ് അവര്‍ അമേരിക്കയിലേയ്ക്ക് പോകാന്‍ കഴിയുക എന്ന് രാഹുല്‍ നേരത്തെ ഇന്ദ്രാണിയോട് ചോദിച്ചിരുന്നു. ഏപ്രില്‍ 2012 ന് രാഹുല്‍ വോര്‍ളി പോലീസ് സ്റ്റേഷനില്‍ ഒരു കേസ് നല്‍കിയിരുന്നെങ്കിലും എന്തുകൊണ്ടാണ് അത് റെക്കോര്‍ഡ് ചെയ്യപ്പെടാത്തതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഷീനയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ദ്രാനിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ശേഷമാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഇന്ദ്രാനിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കിയ ഷീനയെ കൊലപ്പെടുത്തിയതെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.