ബൂട്ടുകള്‍ക്ക് ഓര്‍മകളുണ്ടാവുമോ? മനുഷ്യരെപ്പോലെ അവയും ചില രാത്രികളെ മനസില്‍ സൂക്ഷിക്കുമോ? അതെ. കാരണം അവ വെറും തോലും നൂലും ചേര്‍ത്തുകെട്ടിയ കാലുറകളല്ല. വിജയത്തിന്റെ വിയര്‍പ്പും പരാജയത്തിന്റെ നിശ്വാസവും സ്വപ്നങ്ങളുടെ ഭാരവും ചുമന്ന സാക്ഷികളാണ്. ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഓരോ ഓട്ടവും ഓരോ വീഴ്ചയും ഓരോ ആഘോഷവും ബൂട്ടുകളില്‍ അദൃശ്യ അടയാളങ്ങളായി പതിഞ്ഞുകിടക്കുന്നുണ്ടാവും.

അതുകൊണ്ടാണ് അര്‍ജന്റീനയുടെ മധ്യനിര പോരാളിയായ എന്‍സോ ഫെര്‍ണാണ്ടസ്, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഡ്രസിങ് റൂമില്‍ നിരത്തിവെച്ച പുതുപുത്തന്‍ ബൂട്ടുകളെ അവഗണിച്ചത്. പകരം തിരഞ്ഞെടുത്തത് നാല് വര്‍ഷം മുമ്പ് ഖത്തറില്‍ ലോകം കീഴടക്കിയപ്പോള്‍ അണിഞ്ഞ ആ പഴയ ബൂട്ടുകള്‍.

2022ല്‍ ഖത്തറിന്റെ മണല്‍പരപ്പില്‍ അവ ധരിച്ചാണ് എന്‍സോ ലോകകപ്പ് ഉയര്‍ത്തിയത്. അതേ ബൂട്ടുകള്‍ അണിഞ്ഞാണ് അന്ന് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ വിജയ യാത്രയിലെ ഓരോ ഓട്ടത്തിന്റെയും പൊടിപടലങ്ങളും ഓരോ ടാക്കിള്‍കളുടെയും മുറിവുകളും ഓരോ ആഘോഷത്തിന്റെയും വര്‍ണ്ണപ്പൊടികളും ആ ബൂട്ടുകളില്‍ ഒളിഞ്ഞിരിക്കുന്നു. സമയം കടന്നുപോയാലും ചില വിജയങ്ങള്‍ക്ക് പ്രായമേറില്ല.

 

സാധാരണ ഒരു ഫുട്‌ബോള്‍ താരം പുതിയ സീസണിനും പുതിയ ടൂര്‍ണമെന്റിനും പുത്തന്‍ ബൂട്ടുകളാണ് തിരഞ്ഞെടുക്കുക. പുതിയ തുടക്കങ്ങള്‍ക്ക് പുതിയ കാലടികള്‍ വേണമെന്നതാണ് കളിയുടെ രീതി. എന്നാല്‍ ചില യാത്രകള്‍ക്ക് തുടക്കമോ അവസാനമോ ഇല്ല. അവ പൂര്‍ത്തിയാകാതെ നില്‍ക്കുന്ന കഥകളുടെ തുടര്‍ അധ്യായങ്ങളാണ്. എന്‍സോയ്ക്ക് ഈ ലോകകപ്പും അങ്ങനെയൊരു യാത്രയാണ്.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് ഇറങ്ങും മുമ്പ് എന്‍സോ അലമാര തുറന്നത് ഒരു ജോടി ബൂട്ട് എടുക്കാനായിരുന്നില്ല. നാല് വര്‍ഷം പഴക്കമുള്ള ഒരു ഓര്‍മയെ വീണ്ടും കാലുകളില്‍ അണിയാനായിരുന്നു.

ഖത്തറിലെ വിജയത്തിന്റെ മണം ഇപ്പോഴും മാഞ്ഞുപോകാത്ത ആ ബൂട്ടുകള്‍ വീണ്ടും കെട്ടിയപ്പോള്‍, ഭൂതകാലത്തെയും വിജയിച്ച മനസിനെയും തിരികെ കൊണ്ടുവരാന്‍ എന്‍സോക്ക് കഴിഞ്ഞു. കളിയില്‍ കഴിവ് മാത്രമല്ല, ആത്മവിശ്വാസവും ഓര്‍മകളും വിശ്വാസവും ചേര്‍ന്ന മനസാണ് വിജയിക്കുന്നത്. ഒരിക്കല്‍ അസാധ്യതയെ സാധ്യമാക്കിയ വഴിയിലൂടെ വീണ്ടും നടന്നാല്‍ വിധി പുഞ്ചിരിക്കുമെന്ന വിശ്വാസം ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്.

ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരത്തിന് കിക്കോഫ് വിസില്‍ മുഴങ്ങിയപ്പോള്‍ ഓടിയത് എന്‍സോ മാത്രമായിരുന്നില്ല. ഖത്തറിലെ ആ ഡിസംബര്‍ രാത്രികളും. ലോകകപ്പ് ഉയര്‍ത്തിയ നിമിഷവും. ലുസൈല്‍ സ്റ്റേഡിയത്തിലെ ആഹ്ലാദാരവങ്ങളും. ലക്ഷക്കണക്കിന് അര്‍ജന്റീന ആരാധകരുടെ കണ്ണീര്‍ സന്തോഷങ്ങളുമെല്ലാം ഒപ്പമോടി.

പിന്നെ സംഭവിച്ചത് ഏത് നാടകത്തെയും വെല്ലുന്ന തിരക്കഥ. വര്‍ഷങ്ങളുടെ പഴക്കമുള്ള ആ Nike Phantom GT2 ബൂട്ടുകള്‍ വീണ്ടും ഗര്‍ജിച്ചു. ബോക്‌സിന് പുറത്തുനിന്ന് എന്‍സോ തൊടുത്ത ഷോട്ട് ഇംഗ്ലണ്ടിന്റെ ഗോള്‍വല കുലുക്കി. സ്‌കോര്‍ബോര്‍ഡില്‍ ഒരു ഗോള്‍ കൂടി തെളിഞ്ഞു. നാല് വര്‍ഷം പഴക്കമുള്ള ഒരു വിശ്വാസം വീണ്ടും ശരിവെക്കപ്പെട്ട നിമിഷമായിരുന്നു അത്.

ശാസ്ത്രത്തിന് വിശ്വാസങ്ങളെ അളക്കാനാവില്ല. പക്ഷേ കായിക ലോകം പലപ്പോഴും വിശ്വാസങ്ങളിലൂടെയാണ് മുന്നേറുന്നത്. ഒരാള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന ജേഴ്‌സി. മറ്റൊരാള്‍ക്ക് ഒരിക്കലും അഴിച്ചുമാറ്റാത്ത കൈവള. ചിലര്‍ കളത്തിലിറങ്ങും മുമ്പ് ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന. ചിലരുടെ പേഴ്‌സിലെ ഭാഗ്യനാണയം. മറ്റുചിലര്‍ക്ക് പഴയ ബൂട്ട്. പുറത്തുനിന്ന് നോക്കുമ്പോള്‍ അവ വെറും വസ്തുക്കളായിരിക്കാം. എന്നാല്‍ അവ കളിക്കാരുടെ മനസില്‍ ധൈര്യം ഉണര്‍ത്തുന്ന അദൃശ്യ ശക്തിയാണ്.

എന്‍സോയുടെ ബൂട്ടുകളുടെ കഥയും അതുതന്നെയാണ് പറയുന്നത്. വിജയങ്ങളിലേക്ക് ആദ്യം ഓടിത്തുടങ്ങുന്നത് കാലുകളല്ല, ഓര്‍മ്മകളാണ്. പഴയ വിജയങ്ങളെ വീണ്ടും വിശ്വസിക്കാന്‍ കഴിയുന്നവര്‍ക്ക് ചരിത്രം ഒരിക്കല്‍ക്കൂടി വാതിലുകള്‍ തുറന്നുകൊടുക്കുമെന്ന് എന്‍സോയുടെ ബൂട്ടുകളും നമ്മെ ഓര്‍മിപ്പിക്കുന്നു.

 

Content Highlight: Shareef Paloli writes about Argentine star Enzo Fernandez