ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പുതിയ സോഷ്യല്‍ മീഡിയ ചട്ടം കൊണ്ട് വരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക പദവികളും ജോലിയും കാണിച്ച് സോഷ്യല്‍ മീഡിയയില്‍ റീലുകളും വീഡിയോകളും പങ്കുവെയ്ക്കുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ഈ പുതിയ ചട്ടങ്ങള്‍ പുറത്ത് വന്നാല്‍ റാങ്ക് വ്യാത്യാസമില്ലാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സെന്‍സിറ്റീവായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും സാമൂഹിക മാധ്യമങ്ങളില്‍ കൂടുതലായി ഇടപെടുന്നതും സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ ചട്ടങ്ങള്‍ എന്ന് പുറപ്പെടുവിക്കുമെന്നോ സാധ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തായിരിക്കുമെന്നോ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പൊതുസേവകര്‍ക്ക് ചേരാത്ത രീതിയില്‍ ജോലിയെ അനാവശ്യമായി മഹത്വവല്‍ക്കരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പ്രവണതയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇപ്പോള്‍ കൂടിവവരുന്നത്. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ നിലവില്‍ പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്തതിനാലാണ് കര്‍ശനമായ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസം സര്‍ക്കാര്‍ 36 മണിക്കൂറില്‍ നിന്ന് 3 മണിക്കൂറായി ചുരുക്കുകയും ചെയ്തിരുന്നു.

Content Highlight: Restrictions on government employees’ social media activity: Centre set to introduce new code of conduct.