ഇന്ത്യൻ ടീമിലെ പൊരുത്തക്കേടുകൾക്ക് കാരണം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ അനാവശ്യ മാറ്റങ്ങളാണെന്ന് തുറന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. നിരന്തരമായി ബാറ്റിങ് ഓർഡറുകൾ മാറ്റുന്നത് പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും ഇതിലൂടെ ടീമിന്റെ സ്ഥിരത നഷ്ട്ടപെടാൻ സാധ്യതയുണ്ടെന്നും വാട്‌സൺ പറഞ്ഞു.

ഷെയ്ൻ വാട്‌സൺ
2024 മധ്യത്തിൽ ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം, ഇന്ത്യയ്ക്ക് വിജയങ്ങൾക്കൊപ്പം കടുത്ത തോൽവികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈം വീഡിയോ AU & NZ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വാട്സൺ.
‘ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീം സ്ഥിരത പുലർത്താത്തതിന് പ്രധാന കാരണം ബാറ്റിങ് ഓർഡറിൽ നിരന്തരം വരുത്തുന്ന മാറ്റങ്ങളാണ്. കളിക്കാരെ ടീമിലേക്ക് കൊണ്ടുവരികയും പെട്ടെന്ന് ഒഴിവാക്കുകയും ചെയ്യുന്നത് ടീമിന്റെ താളം തെറ്റിക്കുന്നു. ബാറ്റിങ് ഓർഡറിലും പ്ലെയിങ് ഇലവനിലും വ്യക്തതയില്ലാതെ വരുമ്പോൾ കളിക്കാർക്ക് ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കില്ല. ഇതാണ് ഇന്ത്യയുടെ പ്രകടനത്തിലെ അസ്ഥിരതയ്ക്ക് കാരണം,’ വാട്സൺ പറഞ്ഞു.

ഗൗതം ഗംഭീർ
ഗംഭീറിന്റെ കീഴിൽ ഇന്ത്യ 2025 ചാമ്പ്യൻസ് ട്രോഫി, 2026 ടി-20 ലോകകപ്പ്, 2025 ഏഷ്യാ കപ്പ് എന്നിവ നേടിയിട്ടുണ്ട്. എന്നിരുന്നാലും, അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി-20 പരമ്പരയിലെ ഒരു വിജയം പോലും നേടാൻ സാധിക്കാതെ ഇന്ത്യയ്ക്ക് കനത്ത തോൽവികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കളിക്കാരെ ഗംഭീർ തെരഞ്ഞെടുത്തതിൽ വാട്‌സൺ പ്രശംസിച്ചു.

സഞ്ജു സാംസൺ , ഗൗതം ഗംഭീർ
‘പരിശീലകനായി ഗംഭീർ വന്നതോടെ ഇന്ത്യൻ ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. സഞ്ജു സാംസണെ വിശ്വസിച്ച് തുടർച്ചയായി പിന്തുണച്ചതാണ് അതിലൊന്ന്. സഞ്ജുവാകട്ടെ ടി-20 ലോകകപ്പിനോടനുബന്ധിച്ച് മികച്ച പ്രകടനം പുറത്തെടുത്ത് ആ വിശ്വാസം കാക്കുകയും ചെയ്തു. തീർച്ചയായും വലിയൊരു മാറ്റമാണ് ഗംഭീർ ടീമിൽ ഉണ്ടാക്കിയത്,’അദ്ദേഹം വ്യക്തമാക്കി.
2026-ലെ ടി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റായി സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെമിഫൈനലിലും ഫൈനലിലും 80-ൽ അധികം റൺസുകൾ ഉൾപ്പെടെ, തുടർച്ചയായ മൂന്ന് അർദസെഞ്ച്വറികളും സഞ്ജു സ്വന്തമാക്കിട്ടുണ്ട്.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു സാംസൺ. എന്നാൽ, അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ തിളങ്ങാൻ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. ഇന്ന് റാഞ്ചിയിൽ നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിൽ സഞ്ജു മികച്ച പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Shane Watson’s statement about Gautam Gambhir’s batting order experiments
