ദൃശ്യം 3 യിൽ ഉണ്ടെന്ന് അറിയാതിരിക്കാൻ എന്റെ പേര് വരെ മാറ്റി, ഷാജോൺ എന്ന് ആരും വിളിക്കില്ലായിരുന്നു: ഷാജോൺ
Malayalam Cinema
ദൃശ്യം 3 യിൽ ഉണ്ടെന്ന് അറിയാതിരിക്കാൻ എന്റെ പേര് വരെ മാറ്റി, ഷാജോൺ എന്ന് ആരും വിളിക്കില്ലായിരുന്നു: ഷാജോൺ
കെ.എസ് ഷാബിന
Monday, 22nd June 2026, 8:34 am

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദൃശ്യം 3’. രണ്ടാം ഭാഗത്തോടെ കഥ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയപ്പോൾ മുതൽ വലിയ പ്രതീക്ഷയായിരുന്നു. തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോഡുകൾ ഭേദിച്ച്, വിജയകരമായി പ്രദർശനം പൂർത്തിയാക്കി ഒ.ടി.ടി-യിലും എത്തിയിരിക്കുകയാണ്.

‘ദൃശ്യം 1’-ലൂടെ മലയാളികൾ ഏറ്റവും കൂടുതൽ വെറുത്ത ഒരു വില്ലൻ കഥാപാത്രമായിരുന്നു കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ. ‘ദൃശ്യം 2’-ൽ സഹദേവൻ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോൾ സഹദേവന്റെ തിരിച്ചുവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു.

ദൃശ്യം 3.Photo: imdb

3′-ൽ സഹദേവൻ തന്നെയാണ് വില്ലനായി എത്തുന്നതെന്ന കാര്യം സസ്പെൻസ് ആക്കി വെക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് സാധിച്ചു. ഇന്റർവെൽ സമയത്തെ സഹദേവന്റെ എൻട്രിക്ക് തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്.

ഇപ്പോൾ ചിത്രത്തിൽ സഹദേവൻ ഉണ്ടെന്ന കാര്യം മറച്ചുവെക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്ത കാര്യങ്ങൾ തുറന്നുപറയുകയാണ് ഷാജോൺ.  ഭാര്യ കൂടിയായ ടിനി ഷാജോണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരിക്കുന്നു താരം

ദൃശ്യം 3.Photo: imdb

സഹദേവൻ മൂന്നാം ഭാഗത്തിൽ ഉണ്ടെന്ന കാര്യം രഹസ്യമാക്കി വെക്കാനായി എപ്പോഴും തൊപ്പിയും മാസ്കും കണ്ണടയുമൊക്കെ ധരിച്ചാണ് താൻ സെറ്റിൽ എത്തിയിരുന്നത്. താൻ താമസിച്ചിരുന്ന ഹോട്ടലിലെ ഒരു സ്റ്റാഫ് പോലും തന്നെ കണ്ടതായിട്ടോ, താൻ മൂന്നാം ഭാഗത്തിൽ ഉണ്ടെന്ന കാര്യമോ പുറത്തുവിട്ടില്ല. സ്വന്തം കാരവാൻ പോലും സെറ്റിൽ നിന്നും വളരെ ദൂരെ മാറ്റിയിട്ടാണ് താൻ എത്തിയിരുന്നതെന്നും ഷാജോൺ പറയുന്നു.

‘സെറ്റിൽ എന്റെ സ്വന്തം പേര് പോലും മാറ്റിയിരുന്നു. ‘ചേട്ടൻ’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കോസ്റ്റ്യൂം എഴുതുമ്പോൾ പോലും ‘ചേട്ടൻ’ എന്ന് തന്നെയാണ് പേര് എഴുതിയിരുന്നത്. ജീത്തു ജോസഫ് ഡയറക്ഷൻ പറയുമ്പോൾ ‘ചേട്ടൻ അങ്ങനെ ചെയ്യൂ’ എന്നാണ് പറയാറുള്ളത്. ഷൂട്ടിംങ് നടക്കുമ്പോൾ ആ നാട്ടുകാരോ വീട്ടുകാരോ ആരും തന്നെ ഒരു ഫോട്ടോ പോലും എടുത്തില്ല എന്നുള്ളത് വലിയ കാര്യമാണ്. മാത്രമല്ല ലാലേട്ടൻ സെറ്റിൽ ഉള്ളതുകൊണ്ട് തന്നെ വളരെ സ്ട്രിക്റ്റ് ആയിട്ടാണ് എല്ലാം നടന്നത്. ചിത്രം റിലീസ് ചെയ്ത ശേഷമാണെങ്കിലും കുറച്ചുനാൾ വരെയെങ്കിലും സഹദേവനാണ് വില്ലൻ എന്ന കാര്യം സോഷ്യൽ മീഡിയയും മറച്ചുവെച്ചിരുന്നു. അവസാനം ‘ഈ ചേട്ടൻ വിളി ഒക്കെ സിനിമ തീരുന്നതുവരെ ഉള്ളൂ’ എന്ന് പറഞ്ഞ് ജീത്തുവും കളിയാക്കുമായിരുന്നു,’ ഷാജോൺ ഓർത്തെടുത്തു.

Content Highlight: shajon talks about his charator sahadhevan in drishyam 3

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.