കുറച്ചുകൂടെ സ്പൂണ്‍ ഫീഡ് ചെയ്തിരുന്നെങ്കില്‍ അഭിപ്രായം മാറ്റാമായിരുന്നു; ഉന്മാദത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂകളെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും
Malayalam Cinema
കുറച്ചുകൂടെ സ്പൂണ്‍ ഫീഡ് ചെയ്തിരുന്നെങ്കില്‍ അഭിപ്രായം മാറ്റാമായിരുന്നു; ഉന്മാദത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂകളെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 4th August 2026, 9:12 pm

പൊലീസുകാരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒട്ടനവധി മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ രണ്ട് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ നായാട്ടിനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയ്ക്കും ശേഷം ഈ കൂട്ട് കെട്ട് ഒന്നിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു കിരണ്‍ ദാസ് സംവിധാനം ചെയ്ത് ജൂലൈ 31ന് തിയേറ്ററുകളിലെത്തിയ ഉന്മാദം. മറ്റ് ഷാഹി കബീര്‍ ചിത്രങ്ങളിലേത് പോലെ തന്നെ പൊലീസ് വേഷത്തിലായിരുന്നു ഉന്മാദത്തിലും കുഞ്ചാക്കോ വേഷമിട്ടത്.

വലിയ പ്രതീക്ഷയിലാണ് റിലീസ് ചെയ്തതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെ തിയേറ്ററുകളില്‍ കാര്യമായ ഓളം സൃഷ്ടിക്കാന്‍ ഉന്മാദത്തിന് സാധിക്കാതെ പോകുകയായിരുന്നു. റിലീസിന് ശേഷം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂസിനെ കുറിച്ചും ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചും കിരണ്‍ ദാസും ഷാഹി കബീറും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഉന്മാദം. Photo: District

‘ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂസിനെ കുറിച്ച് നമുക്ക് ഒന്നും പറയാന്‍ സാധിക്കില്ല, കാരണം സിനിമ ഏത് വിധത്തിലാണ് കാണേണ്ടതെന്നത് ആളുകളുടെ ഇഷ്ടമാണ്. ചിത്രത്തെ പ്രേക്ഷകര്‍ക്ക് മനസിലാക്കി നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മള്‍ അല്പം കൂടെ കാര്യങ്ങള്‍ സ്പൂണ്‍ ഫീഡ് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ചിന്തയില്‍ നിന്നും ആളുകളെ മാറ്റാമായിരുന്നു.

ഉന്മാദത്തെ കുറിച്ച് അവര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നിരിക്കാം. ഒരു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയോ ഒരു നായാട്ടോ ഒക്കെ പ്രതീക്ഷിച്ചായിരിക്കാം ചിത്രം കാണാന്‍ പോയത്. പക്ഷേ എല്ലാ ചിത്രങ്ങളും ഒരേ പാറ്റേണില്‍ ചെയ്യുന്നതിന് പകരം നമ്മള്‍ അല്പം മാറി ചെയ്യാന്‍ ചിന്തിക്കുമല്ലോ. അതിന്റെ ഭാഗമായി ചെയ്ത സിനിമയാണ് ഉന്മാദം,’ ഷാഹി കബീര്‍ പറഞ്ഞു.

Photo: Screen Grab/ Cue Studio/ Youtube.com

ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സംവിധായകന്‍ പറയുന്നു. റിവ്യൂസ് പൂര്‍ണമായും ചിത്രം കാണുന്നവരുടെ അഭിപ്രായമാണെന്നും നിലവിലെ സാങ്കേതിക സൗകര്യങ്ങള്‍ വെച്ച് അത് പബ്ലിഷ് ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പൂര്‍ണ മനസോടെ സ്വീകരിക്കുന്നുവെന്നും കിരണ്‍ദാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Shahi kabir and Director Kiran Das talks about negative reviews for Unmadham

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.