ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമൊഷന്റെ ഭാഗമായി വലിയ പരിപാടികളാണ് നടക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ ചെന്നൈയില്‍ ഓഡിയോ ലോഞ്ചിനയി എത്തിയപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെ കണ്ടതിനെ കുറിച്ച് പറയുകയാണ് ഷാരുഖ്.

രജിനികാന്തിനെ ചെന്നൈയില്‍ എത്തിയപ്പോള്‍ കണ്ടുവെന്നും, വിജയിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഷാരുഖ് പറയുന്നു. ട്വിറ്ററില്‍ ജവാന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ക്യൂ & എയിലാണ് ഷാരുഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ തനിക്ക് അജിത്തിനെ കാണാന്‍ സാധിച്ചില്ല എന്നാണ് ഷാരുഖ് പറഞ്ഞത്. എങ്ങനെയുണ്ടായിരുന്നു ചെന്നൈ യാത്ര? താരങ്ങളെ കണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിനാണ് ഷാരുഖ് ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

എന്തായാലും ഷാരൂഖിന്റെ മറുപടി വലിയ ആവേശത്തോടെയാണ് വിജയ് രജിനി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷാരൂഖ് ഇരുവരെയും കണ്ടു എന്ന് പറഞ്ഞെങ്കിലും ഇതിന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ നിലവില്‍ പുറത്തുവന്നിട്ടില്ല. അതേസമയം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാന്‍ നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം, രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരുഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: Shah Rukh Khan about his latest chennai visit