ലാ ലിഗയില്‍ സെവിയ്യക്ക് തോല്‍വി. അത്‌ലെറ്റിക് ക്ലബ്ബ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെവിയ്യയെ പരാജയപ്പെടുത്തിയത്. ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡാണ് സ്പാനിഷ് ക്ലബ്ബിനെ തേടിയെത്തിയത്.

ലാ ലിഗയില്‍ ഒരു സീസണിലെ ആദ്യ 19 മത്സരങ്ങളില്‍ നിന്നും ഒമ്പത് മത്സരങ്ങള്‍ തോല്‍ക്കുന്നുവെന്ന മോശം നേട്ടമാണ് സെവിയ്യയെ തേടിയെത്തിയത്. 2021-13 സീസണുകള്‍ക്ക് ശേഷം ആദ്യമായാണ് സെവിയ്യ ഈ മോശം പ്രകടനം സ്പാനിഷ് ലീഗില്‍ കാഴ്ചവെക്കുന്നത്.

സെവിയ്യയുടെ ഹോം ഗ്രൗണ്ടായ റാമോണ്‍ സാഞ്ചസ് പിജുവന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5-3-2 എന്ന ഫോമേഷനിലാണ് സെവിയ്യ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 30ാം മിനിട്ടില്‍ മൈക്കല്‍ വെസ്ഗയിലൂടെയാണ് അത്ലറ്റിക് ക്ലബ്ബ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തിന്റെ 76ാം മിനിട്ടില്‍ അയ്റ്റര്‍ പാരെ ഡസിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോള്‍ നേടി. പെനാല്‍ട്ടി ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

മറുപടി ഗോളിനായി ആതിഥേയര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസിൽ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്വന്തം ആരാധകരുടെ മുന്നില്‍ സെവിയ്യ പരാജയപ്പെടുകയായിരുന്നു.

തോല്‍വിയോടെ 16 മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി 16 സ്ഥാനത്താണ് സെവിയ്യ. അതേസമയം ജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ചു സമനിലയും മൂന്നു തോല്‍വിയും അടക്കം 38 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്ലറ്റിക് ക്ലബ്ബ്.

കോപ്പ ഡെല്‍റേയില്‍ ജനുവരി ഏഴിന് റൈസിങ് ഫെറോളുമായാണ് സെവിയ്യയുടെ അടുത്ത മത്സരം. അന്നേദിവസം നടക്കുന്ന മത്സരത്തില്‍ അത്ലറ്റിക് ക്ലബ്ബ് ഐബറിനേയും നേരിടും.

Content Highlight: Sevilla fc lost against Athletic club in La Liga.