സാഞ്ചോ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തുന്നു? റിപ്പോര്‍ട്ട്
Football
സാഞ്ചോ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തുന്നു? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 12:53 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ജേഡന്‍ സാഞ്ചോ തന്റെ പഴയ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ലോണില്‍ ഇംഗ്ലണ്ട് താരം ജര്‍മന്‍ വമ്പന്‍മാരോടൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബില്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ബൊറൂസിയ ഡോര്‍ട്മുണ്ട് തങ്ങളുടെ മുന്‍ താരമായ സാഞ്ചോയെ ടീമിലെത്തിക്കാന്‍ 2.6 മില്യണ്‍ തുക വരുന്ന കരാര്‍ താരത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ്.

2017-21 സീസണുകളിലാണ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി സാഞ്ചോ കളിച്ചത്. നാലു സീസണുകളില്‍ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ പന്ത് തട്ടിയ ഇംഗ്ലണ്ട് താരം 137 മത്സരങ്ങളില്‍ നിന്നും 50 ഗോളുകളും 64 അസിസ്റ്റുകളും സ്വന്തം പേരിലാക്കി മാറ്റി. ഡോര്‍ട്മുണ്ടിനൊപ്പം ജര്‍മന്‍ കപ്പും, ജര്‍മന്‍ സൂപ്പര്‍ കപ്പും താരം നേടിയിട്ടുണ്ട്.

2021 ലാണ് സാഞ്ചോ ഡോര്‍ട്മുണ്ടില്‍ നിന്നും ഓള്‍ഡ് ട്രാഫോഡിലേക്ക് ചേക്കേറുന്നത്. എന്നാല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പം കാഴ്ചവച്ച മികച്ച പ്രകടനങ്ങള്‍ സാഞ്ചോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

റെഡ് ഡെവിള്‍സിനായി 82 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഇംഗ്ലണ്ട് താരം 12 ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് നേടിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലകന്‍ ടെന്‍ഹാഗിന്റെ കീഴില്‍ താരത്തിന് അവസരങ്ങള്‍ താരതമ്യേനെ കുറവായിരുന്നു.

അതേസമയം ഇംഗ്ലീഷ് പ്രീമിയ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 10 വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ബുണ്ടസ്ലീഗയില്‍ 16 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ആറു സമനിലയും മൂന്നു തോല്‍വിമടക്കം 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്.

Content Highlight: Reports says Jadon Sancho back Borussia Dortmund.