ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച സെറിന്‍ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രം എന്ന സിനിമയില്‍ പുഷ്പം ആയും സക്രീനില്‍ തിളങ്ങി.

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഇത്തിരി നേരമാണ്. അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ചയില്‍ സെറിന്‍ ക്യാമിയോ റോളിലും എത്തിയിരുന്നു.

കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന സെറിന് സിനിമയില്‍ ഭാഷ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തന്നെ സംബന്ധിച്ച് ഭാഷ മനസിലാക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ് നടി പറയുന്നു.

‘അതുമാത്രമല്ല ആ കഥാപാത്രം വരുന്ന സംസ്‌കാരവും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കാരണം ഓരോ സംസ്‌കാരങ്ങളും വ്യത്യസ്തമാണ്. ഭാഷയും സംസ്‌ക്കാരവും അറിഞ്ഞാലേ എനിക്ക് ആ കഥാപാത്രത്തില്‍ കുറച്ചെങ്കിലും സത്യസന്ധത കൊണ്ടുവരാന്‍ പറ്റൂ. അതൊരു തടസമായി കാണുന്നില്ല. പുതിയ കാര്യം പഠിക്കാന്‍ ഇഷ്ടമാണ്,’ സെറിന്റെ വാക്കുകള്‍

സിനിമയേക്കാള്‍ തനിക്ക് കൂടുതല്‍ ഇഷ്ടം നാടകമാണെന്നും എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമില്ലെന്നും നടി പറയുന്നു. റിഹേഴ്‌സലിന് തന്നെ കുറഞ്ഞത് രണ്ടുമൂന്നു മാസം വേണമെന്നും പ്രാക്ടീസ് ഒരു ആവര്‍ത്തിയില്‍ കൂടുതല്‍ ചെയ്യണമെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ മാറുമ്പോള്‍ പ്രകടനവും അതി നൊത്ത് മാറണമെന്നും ആ നിലവാരമാണ് നാടകത്തില്‍ വേണ്ടതെന്നും താരം പറഞ്ഞു.

അതുകൊണ്ട് ഇപ്പോള്‍ നാടകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കിട്ടാറില്ലെന്നും ഇംഗ്ലീഷ് തിയേറ്ററായിരുന്നു താന്‍ ചെയ്തുകൊണ്ടിരുന്നതെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ഇതുവരെ പൂര്‍ണമായി ഒരു നാടകം ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു സെറിന്‍.

അതേസമയം പേട്രിയേറ്റാണ് സെറിന്റേതായി വരാനിരിക്കുന്ന ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 23നാണ് തിയേറ്ററുകളിലെത്തുന്നത്. മഹേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Content Highlight:  Serin Shihab on the importance of knowing the language in cinema