മലയാള സിനിമയിലെ തൊണ്ണൂറുകളിൽ ശ്രദ്ധേയമായ മാറിയ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സീനത്ത്. നാടകത്തിൽ നിന്നും അഭിനയം ആരംഭിച്ച താരം സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
1991 ലെ സിദ്ദിഖ് ലാൽ ചിത്രം ഗോഡ്ഫാദറിലെ കടപ്പുറം കാർത്ത്യായനി എന്ന കഥാപാത്രം സീനത്തിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഇപ്പോൾ കാർത്ത്യായനി എന്ന കഥാപത്രത്തിലേക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. റീപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു നടി.
കടപ്പുറം കാർത്ത്യായനി എന്ന കഥാപാത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോൾ അത് ചെയ്യാൻ രണ്ടാമതൊന്നു ആലോചിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് നടി. അന്ന് തന്റെ സഹോദരിയാണ് ആ കഥാപാത്രം ചെയ്യാൻ തന്നെ നിർബന്ധിച്ചത് എന്നും നടി പറയുന്നു. ആ കഥാപാത്രത്തെ കുറിച്ച് സംവിധായകരുടെ മനസിൽ വേറെ രൂപമായിരുന്നു എന്നും, തന്നെ കണ്ടപ്പോൾ ഇയാൾ പറ്റില്ല എന്ന് സിദ്ധീഖ് പറഞ്ഞതായും സീനത്ത് ഓർത്തെടുത്തു.
‘ആദ്യം ‘കടപ്പുറം കാർത്ത്യായനി’യുടെ കഥ കേട്ടപ്പോൾ, അങ്ങനെയൊരു റോൾ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ എന്റെ ചേച്ചി എന്നോട് പറഞ്ഞു, ‘സിദ്ദിഖ്-ലാലിന്റെ സിനിമയാണ്, അത് കളയണ്ട, ചിലപ്പോൾ നല്ലതായിരിക്കും’ എന്ന്.
അവരുടെ മനസിലുണ്ടായിരുന്ന രൂപം വേറെയായിരുന്നു. കുറച്ചുകൂടി തടിച്ച്, നിറം കുറഞ്ഞ രൂപമായിരുന്നു അവരുടെ മനസ്സിൽ. ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. അന്ന് സിദ്ദീഖ് എന്നെ കണ്ടതും ‘ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാൾ പറ്റില്ല, ശരിയാവില്ല’ എന്ന് പറഞ്ഞു.
‘ഇതെന്താണ് ഇങ്ങനെ പറയുന്നത്’ എന്ന് ഞാൻ അന്ന് വിചാരിച്ചു. അന്ന് എനിക്ക് ആകെ ഒരു ചമ്മലായി. അപ്പോൾ മേക്കപ്പ് മാൻ മണിയണ്ണൻ പറഞ്ഞു, ‘കുഴപ്പമില്ല, ഞാൻ ശരിയാക്കിത്തരാം’ എന്ന്. ‘ഒന്ന് മുറുക്കിയാൽ കുറച്ച് പ്രായം തോന്നിച്ചോളും’ എന്ന് മണിയണ്ണൻ പറഞ്ഞു. ഏതായാലും ഒന്ന് ചെയ്തു നോക്കാമെന്ന് വിചാരിച്ചു; ചെയ്തുനോക്കിയപ്പോൾ സിദ്ദീഖിന് ഒരുപാട് ഇഷ്ടമായി,’ സീനത്ത് പറയുന്നു.
Content Highlight: Seenath talks about godfather movie