amnesty-india-discussion
ബംഗളൂരു:  കശ്മീരിനെ കുറിച്ച് ചര്‍ച്ച നടത്തിയതിന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യാ ഘടകത്തിനെതിരെ ബംഗളൂരു പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന കശ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് കേസ്. എ.ബി.വി.പിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചായിരുന്നു സെമിനാര്‍. മുന്‍ പത്രപ്രവര്‍ത്തകനായ ആര്‍കെ മട്ടൂ ഇന്ത്യന്‍ സൈന്യം ലോകത്തിലെ തന്നെ ഒട്ടും അച്ചടക്കമില്ലാത്ത സൈന്യമാണെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഈ പരാമര്‍ശം കശ്മീരിന്റെ സ്വാതന്ത്യവാദികള്‍ക്കനുമൂലമാണെന്ന് ചിലര്‍ വാദിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ചര്‍ച്ച നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

പരിപാടിയുടെ സംഘാടകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് പുറമെ കലാപത്തിന് ആഹ്വാനം, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരിപാടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും മുദ്രാവാക്യം വിളിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.


 

ഒരു പരാതിയെത്തുടര്‍ന്ന് ദേശദ്രോഹത്തിന് കേസെടുത്തത് ഈ രാജ്യത്തെ മൗലികാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിലും വിശ്വാസമില്ലാത്തിനാലാണെന്ന് ആംനസ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആക്കര്‍ പട്ടേല്‍ പറഞ്ഞു. സമാധാനപരമായി രാഷ്ട്രീയ സാഹചര്യങ്ങളില്‍ അഭിപ്രായം പറയുക എന്നത് അന്താരാഷ്ട്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്യത്തിന്റെ ഭാഗമാണെന്നും ആംനസ്റ്റി പ്രതികരിച്ചു.