ന്യൂദല്‍ഹി: ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വലിയ സുരക്ഷാ സന്നാഹമാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ സമരം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി.

സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ആളുകളോട് പ്രദേശത്ത് കൂട്ടംകൂടരുതെന്ന അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ‘സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഒരുതരത്തിലുമുള്ള സമ്മേളനങ്ങളോ മറ്റു പരിപാടികളോ നടത്താന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമപരമായി നടപടിയെടുക്കും.’ ദല്‍ഹി പൊലീസ് പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു.

അതേ സമയം സമരം ഗതാഗത തടസ്സമുണ്ടാക്കുന്നെന്നും സമരക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുസേന ഷാഹീന്‍ബാഗ് പരിസരത്ത് നടത്താനിരുന്ന സമരം ശനിയാഴ്ച പിന്‍വലിച്ചിരുന്നു. എങ്കിലും പ്രദേശത്ത് പ്രതിഷേധ മാര്‍ച്ച് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതെന്ന പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറിലാണ് ഷാഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ കലാപത്തെ തുടര്‍ന്ന് ഷാഹീന്‍ ബാഗില്‍ ദല്‍ഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കലാപത്തിന് ശേഷവും ഷാഹീന്‍ ബാഗ് സമരം മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. മുസ്‌ലിമോ ഹിന്ദുവോ അല്ല ആര്‍.എസ്.എസ് ഗുണ്ടകളാണ് ദല്‍ഹി കലാപമുണ്ടാക്കിയതെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചിരുന്നു. ഷാഹീന്‍ ബാഗില്‍ നിന്നും സമരപ്പന്തല്‍ മാറ്റുന്നതിനെ സംബന്ധിച്ച് കോടതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ നാളുകളായി സമരം നടത്തുന്നത്.