ജിദ്ദ: രാജ്യത്തെ ആദ്യ അറബ് ഫാഷന്‍ വീക്കിനൊരുങ്ങി സൗദി അറേബ്യ. വിപ്ലവകരമായ ഈ തീരുമാനം അറബ് ഫാഷന്‍ കൗണ്‍സിലാണ് തിങ്കളാഴ്ച്ച അറിയിച്ചത്.

മാര്‍ച്ച് 26 മുതല്‍ 31 വരെ റിയാദില്‍ നടക്കാനിരിക്കുന്ന അറബ് ഫാഷന്‍ വീക്കിന്റെ വിവരങ്ങള്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് ഫാഷന്‍ കൗണ്‍സില്‍ വെബ്സൈറ്റ് വഴിയാണ് പുറത്ത് വിട്ടത്. ഈ ഫാഷന്‍ ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചതായും വെബ്സൈറ്റില്‍ പറയുന്നു.

അറബ് ഫാഷന്‍ കൗണ്‍സില്‍ റിയാദില്‍ പ്രാദേശിക ഓഫീസ് തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. സൗദി രാജകുമാരി നൗറാ ബിന്‍ത് ഫൈസല്‍ അല്‍ സൗദിന് ഓണററി പ്രസിഡന്റ് സ്ഥാനവും നല്‍കിയിരുന്നു.

സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം, ഫുട്ബോള്‍ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, ഹിജാബ് നിര്‍ബന്ധമല്ലാതാക്കല്‍ എന്നീ ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് പിന്നാലെയാണ് ഫാഷന്‍ വീക്ക് നടത്താനുള്ള നീക്കം.