ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ വെച്ച് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് യെല്ലോ ആര്‍മി.
മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മികച്ച ഫോമിലുള്ള സഞ്ജു ഗുജറാത്തിനെതിരെയും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഐ.പി.എല്ലിലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്.
വെറും മൂന്ന് റണ്‍സ് നേടിയാല്‍ ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിക്കും. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ താരമാവാനുള്ള ഒരുക്കത്തിലാണ് സഞ്ജു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന, എം.എസ് ധോണി, കെ.എല്‍. രാഹുല്‍, അജിന്‍ക്യ രഹാനെ, എ.ബി. ഡി വില്ലിയേഴ്‌സ് എന്നിവരാണ് ഇതിന് മുമ്പ് ഐ.പി.എല്ലില്‍ ഈ നാഴികക്കല്ല് പിന്നിട്ട താരങ്ങള്‍.Photo: IndianPremierLeague/x.com
അതേസമയം മുംബൈക്കെതിരായ മത്സരത്തില്‍ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. ഇന്നിങ്സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും സഞ്ജു മാറിയിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു നേടുന്ന ആറാം സെഞ്ച്വറിയാണിത്. വിക്കറ്റ് കീപ്പറായി കളിച്ച 235 ടി-20 മത്സരങ്ങളില്‍ നിന്നാണ് മലയാളി താരം ആറ് സെഞ്ച്വറികള്‍ അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനെ മറികടന്നാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്.
Content Highlight: Sanju Samson Need 3 Runs To Complete 5000 IPL Runs