ഫുട്ബോളിലും പുലിയായി സഞ്ജു; ഇരട്ട ഗോളിൽ മിന്നി ചേട്ടൻ; വീഡിയോ
Cricket
ഫുട്ബോളിലും പുലിയായി സഞ്ജു; ഇരട്ട ഗോളിൽ മിന്നി ചേട്ടൻ; വീഡിയോ
സുദേവ് എ
Wednesday, 19th August 2026, 7:13 am

ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കളിക്കളത്തില്‍ ബാറ്റിങ് വെടിക്കെട്ട് പ്രകടനങ്ങള്‍ കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന സഞ്ജു ഇത്തവണ ഗ്രൗണ്ടില്‍ പന്ത് തട്ടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ഒഴിവുസമയങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജലജ് സക്സേന, മുഹമ്മദ് അസറുദീന്‍, ചാര്‍ളി ചാക്കോ എന്നിവര്‍ക്കൊപ്പമാണ് സഞ്ജു ഫുട്‌ബോള്‍ കളിച്ചത്.

വീഡിയോയില്‍ സഞ്ജു രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ നേടിയതായും കാണാന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ പന്തുമായി മുന്നേറിയ സഞ്ജു ഒരു അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പിന്നീട് ലഭിച്ച രണ്ട് അവസരങ്ങളും കൃത്യമായി ഗോളാക്കി മാറ്റിയാണ് മലയാളി താരം തന്റെ കഴിവ് പുറത്തെടുത്തത്. കളിയിലുടനീളം ആവേശത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ജു പന്ത് തട്ടിയത്. ഗോളടിച്ചതിന് ശേഷമുള്ള സുഹൃത്തുക്കള്‍ക്കൊക്കൊമുള്ള സഞ്ജുവിന്റെ സെലിബ്രേഷനും ഏറെ സ്‌പെഷ്യലായി.

അതേസമയം നിലവില്‍ കേരള കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള ഒരുക്കത്തിലാണ് സഞ്ജു. ഇത്തവണ സഞ്ജു ടൂര്‍ണമെന്റിന്റെ ഭാഗമല്ല. എങ്കിലും ടൂര്‍ണമെന്റിന്റെ ഐക്കണ്‍ ആയാണ് സഞ്ജു എത്തുന്നത്.

ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ സഞ്ജു ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത് സ്വന്തം മണ്ണില്‍ താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. കെ.സി.എല്‍ മൂന്നാം സീസണിന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്.

ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ തന്നെയാണ് ഇത്തവണയും കിരീടത്തിനായി മാറ്റുരക്കുന്നത്. ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് പോരാട്ടത്തിനിറങ്ങാനൊരുങ്ങുന്നത്.

 

Content Highlight: Sanju Samson great performance in football; video viral

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.