ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ താരം സഞ്ജു സാംസണിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജു നേട്ടങ്ങളുടെ കൊടുമുടിയിലാണെന്നും അത് നിലനിര്‍ത്താന്‍ താരത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സഞ്ജുവിന്റെ ഫിറ്റ്‌നസ് നിലവില്‍ മികച്ചതല്ലെന്നും വിരാട് കോഹ്‌ലിയെപ്പോലെ താരം ഫിറ്റ്‌നസ് മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘സഞ്ജു സാംസണ്‍ 25 വയസുള്ള ആളല്ല, അദ്ദേഹം തന്റെ നേട്ടങ്ങളുടെ കൊടുമുടിയിലാണ്, അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും. പക്ഷെ സഞ്ജുവിന്റെ ഫിറ്റ്‌നസ് മികച്ചതല്ലെന്ന് എനിക്ക് തോന്നുന്നു. വിരാട് കോഹ്‌ലിയെപ്പോലെ, ഇത്രയും നീണ്ട കരിയറുള്ള മികച്ച ഒരു മാതൃക നമുക്ക് മുന്നിലുണ്ട്.
ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നല്‍കിയതിനാലാണ് അദ്ദേഹത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന് മികച്ച കഴിവുകളുണ്ടായിരുന്നു, പക്ഷേ ശരീരം തന്നെ നിരാശപ്പെടുത്തില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി. കാരണം അത് നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നാണ്,’ സ്പോര്‍ട്സ്റ്റാറിന്റെ ഇന്‍സൈറ്റ് എഡ്ജ് പോഡ്കാസ്റ്റില്‍ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
Anchored. Delivered. Conquered ⚓
A phenomenal 87* (52) secures the Player of the Match for Sanju Samson 💛
അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം കീഴടക്കിയത്. ഇതോടെ അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുകളാണ് ചെന്നൈ നേടിയത്. എന്നാല്‍ ആറാം സ്ഥാനത്ത് തുടരുകയാണ് യെല്ലോ ആര്‍മി.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. പുറത്താവാതെ 52 പന്തില്‍ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറും ആറ് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
നിലവില്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. ചെന്നൈക്ക് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്. 57.43 എന്ന മികച്ച ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്. 167.50 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
മത്സരത്തില്‍ സഞ്ജുവിന് പുറമെ കാര്‍ത്തിക് ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി തിളങ്ങി. മത്സരം ഫിനിഷ് ചെയ്തതും താരമായിരുന്നു. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlight: Sanjay Manjrekar Talking About Sanju Samson’s Fitness