കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ടുള്ള നടി പാര്‍വതിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ നടനും നിര്‍മാതാവുമായ ജോയ് മാത്യുവിന് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം മമ്മുക്ക” എന്ന് അദ്ദേഹത്തെ വിളിക്കുന്നത് താരാരാധന കൊണ്ടാണെന്ന ജോയ് മാത്യുവിന്റെ അഭിപ്രായപ്രകടനത്തിനെതിരെയായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്.

മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചതെന്നും വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു.

മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്?
വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച് ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമമാണ്?

ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ? ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോയെന്നും സനല്‍ കുമാര്‍ ശശിധരന്‍ ചോദിക്കുന്നു.

മമ്മുക്ക” എന്ന് തന്നെ വിളിക്കുന്നത് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണെന്നും അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റര്‍ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തതെന്നും ജോയ് മാത്യു ചോദിച്ചിരുന്നു.

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നുമായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.