തിരുവനന്തപുരം: ഡി.വൈ.എസ്.പി ചെയ്ത പ്രവൃത്തിയുടെ ഫലമാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിച്ചിരിക്കുന്നതെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ സുഹൃത്ത് പ്രവീണ്‍. ഇത്രയും കാലം പല ദ്രോഹങ്ങളും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമാണിതെന്നും പ്രവീണ്‍ അഭിപ്രായപ്പെട്ടു. സനല്‍കുമാര്‍ വധക്കേസില്‍ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും അര്‍ഹിക്കപ്പെട്ട ഒന്നാണ് അയാള്‍ ചെയ്തത്. അന്നുതന്നെ സനലിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ കൊണ്ടുപോയി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടാവുമായിരുന്നില്ലെന്നും പ്രവീണ്‍ പറഞ്ഞു.

Also Read:നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

സനലിന്റെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കോടതി കാര്യങ്ങള്‍ നോക്കിയാല്‍ മതിയായിരുന്നു. അയാള്‍ അതല്ല ചെയ്തത്. ഒളിച്ചോടുകയാണ് ചെയ്തത്. അതിന്റെ ഫലം അദ്ദേഹം അനുഭവിച്ചെന്നും പ്രവീണ്‍ പറഞ്ഞു.

ദൈവത്തിന്റെ വിധി നടപ്പിലായി എന്നാണ് സനല്‍കുമാറിന്റെ ഭാര്യ പ്രതികരിച്ചത്.

ഇന്ന് രാവിലെയാണ് ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.

കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.

നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു.