ജീവിത പങ്കാളിയെ കുറിച്ചള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെക്കുകയാണ് നടി സംയുക്ത. തന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് തരികയും തന്നെ നോക്കുകയും ചെയ്യുന്നയാളെ അല്ല പങ്കാളിയായി വേണ്ടതെന്നും നടി പറഞ്ഞു. പരസ്പരം തുല്യരായി കണ്ട് പങ്കാളിത്തത്തോടെ ജീവിക്കാന്‍ തയാറാകുന്ന ഒരാളെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അറിവുള്ള വ്യക്തിയായിരിക്കണം തന്റെ പങ്കാളിയെന്നും എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ഞാനുണ്ട് കൂടെയെന്ന് പറയുന്ന ആളായിരിക്കണമെന്നും സംയുക്ത പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ പങ്കാളിക്ക് ആദ്യം വേണ്ടത് ദയയാണ്. എന്റെ അടുത്ത് മാത്രമല്ല, എല്ലാവരോടും ദയയോടെ പെരുമാറുന്ന ആളായിരിക്കണം. അതുപോലെ അദ്ദേഹത്തിന് അറിവുണ്ടായിരിക്കണം. എല്ലാവരോടും നന്നായി സംസാരിക്കാന്‍ അറിയണം. എന്താണ് ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്ന് എന്നൊക്കെയുള്ള കാര്യങ്ങളില്‍ അവബോധം ഉണ്ടായിരിക്കണം.

മറ്റൊരു പ്രധാന കാര്യം ഞങ്ങള്‍ രണ്ട് പേരും തുല്യരാണ് എന്ന ഫീല്‍ ഉണ്ടായിരിക്കണം. എനിക്ക് വേണ്ടത് ഒരു പാര്‍ട്ണര്‍ഷിപ്പാണ്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ കൂടെയുണ്ടെന്ന് പറഞ്ഞ് എന്നെ സപ്പോര്‍ട്ട് ചെയ്യണം. പരസ്പരം പിന്തുണ നല്‍കി കുടെ നില്‍ക്കണം.

എന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു തരണമെന്നും, എന്നെ നന്നായി നോക്കണമെന്നൊന്നും ഞാന്‍ പറയില്ല. എന്നെ നോക്കാന്‍ എനിക്ക് അറിയാം. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ തന്നെ തീര്‍ക്കും. ഒരു കമ്പാനിയന്‍ഷിപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്‌നം എനിക്ക് വന്നാല്‍, അവളത് പരിഹരിച്ചോളുമെന്ന് മറ്റുള്ളവരോട് പറയുന്ന നല്ല സുഹൃത്ത് ആയിരിക്കണം,’ സംയുക്ത പറഞ്ഞു.

content highlight: samyuktha menon about her marriage