മലയാളം എഴുതാൻ അറിയില്ല, 'അ' എന്ന അക്ഷരം കണ്ടാൽ അത് 'അ' ആണെന്നറിയാം, എഴുതാൻ ശ്രമിച്ചാൽ തോറ്റുപോകും: സൈജു കുറുപ്പ്
Malayalam Cinema
മലയാളം എഴുതാൻ അറിയില്ല, 'അ' എന്ന അക്ഷരം കണ്ടാൽ അത് 'അ' ആണെന്നറിയാം, എഴുതാൻ ശ്രമിച്ചാൽ തോറ്റുപോകും: സൈജു കുറുപ്പ്
നന്ദന എം.സി
Monday, 11th May 2026, 9:14 am

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങൾ ഏറ്റുവാങ്ങിയാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്.

നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായത്.

സൈജു കുറുപ്പ്, Photo: Saiju kurup/ Facebook

ഇപ്പോഴിതാ മഹാരാഷ്ട്രയിൽ വളർന്നതിനാൽ മലയാളം എഴുതാനും വായിക്കാനും പൂർണമായി പഠിക്കാൻ കഴിഞ്ഞില്ലെന്നും, ഇന്നും മലയാളം എഴുതാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും പറയുകയാണ് താരം. ഗൃഹ ലക്ഷിമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘എൻജിനീയറിങ് ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ അച്ഛൻ എന്നെ കെട്ടിപ്പിടിച്ചതാണ് ഓർമയിലെ ബെസ്റ്റ് സീൻ. അച്ഛൻ സ്വതവേ അങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല.

പഠിക്കാൻ കുറച്ച് ഉഴപ്പനായിരുന്നു ഞാൻ. ഈ ഉഴപ്പിൻ്റെ പേരിലാണ് അച്ഛൻ ആകെ വഴക്കുപറഞ്ഞതും തല്ലിയതും. ഞാൻ മൈനിങ് എഞ്ചിനീയറിങ് ആണ് പഠിച്ചത്. നാലുവർഷത്തെ കോഴ്സ് പാസാകാൻ അഞ്ചര വർഷമെടുത്തു. പേപ്പറിൽ റോൾ നമ്പർ കണ്ട് പാസ്സായെന്നറിഞ്ഞ് അച്ഛനെന്നെ ചേർത്തുപിടിച്ചു.

ഡിഫൻസ് അക്കൗണ്ട്സിലായിരുന്നു അച്ഛന് ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തുന്നത്. 22-ാം വയസുവരെ അവിടെ തുടർന്നു. മൂന്നരവയസ്സുവരെ ചേർത്തലയിലാണ് വളർന്നത്. അക്കാലത്ത് മലയാളം അക്ഷരങ്ങൾ പഠിച്ചിരുന്നു.

അച്ഛന്റെ ജോലിസ്ഥലത്തേക്ക് പോയതോടെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കേണ്ടിവന്നു. പക്ഷേ, മലയാളമായിരുന്നു വീട്ടിലെ സംസാരഭാഷ. മലയാളം എഴുത്തും വായനയും ഞാൻ മറന്നുപോയി.

മോഹിനിയാട്ടം, Photo: Saiju kurup/ Facebook

പിന്നെ സാറ്റലൈറ്റ് ചാനലുകൾ വന്നുതുടങ്ങിയപ്പോൾ അതിൽ സ്ക്രോൾ ചെയ്‌തുപോകുന്ന വാർത്തകളും മറ്റും വായിച്ച് അക്ഷരങ്ങളുടെ ഓർമ പുതുക്കി.

അപ്പോഴും എഴുതേണ്ട ആവശ്യം വന്നിട്ടില്ല. അത് കാരണം ഇപ്പോഴും എഴുതാൻ അറിയില്ല. ‘അ’ എന്ന അക്ഷരം കണ്ടാൽ അത് ‘അ’ ആണെന്ന് അറിയാം. പക്ഷേ, എഴുതാൻ ശ്രമിച്ചാൽ തോറ്റുപോകും,’ സൈജു കുറുപ്പ് പറഞ്ഞു.

മോഹിനിയാട്ടമാണ് താരത്തിൻ്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. ആദ്യ ഭാഗമായ ഭരതനാട്യം വൻ പരാജയമാകുകയും എന്നാൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം വൻ വിജയം ആകുകയും ചെയ്തെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.

Content Highlight: Saiju Kurup says he doesn’t know how to write Malayalam.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.