മധുരയ്ക്ക് തീയിട്ട് സായ്, വെറും രണ്ട് പാട്ട് കൊണ്ട് ഓഡിയോ ലോഞ്ച് ചെക്കന്‍ തൂക്കി
Indian Cinema
മധുരയ്ക്ക് തീയിട്ട് സായ്, വെറും രണ്ട് പാട്ട് കൊണ്ട് ഓഡിയോ ലോഞ്ച് ചെക്കന്‍ തൂക്കി
അമര്‍നാഥ് എം.
Sunday, 26th April 2026, 10:35 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് വരുമെന്നറിയിച്ച ചിത്രം പിന്നീട് നീണ്ടുപോവുകയായിരുന്നു. ഔട്ട് ആന്‍ഡ് ഔട്ട് മാസ് ഴോണറില്‍ ബാലാജി അണിയിച്ചൊരുക്കുന്ന ചിത്രം സൂര്യയുടെ തിരിച്ചുവരവാകുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മധുരയില്‍ പുരോഗമിക്കുകയാണ്. കറുപ്പിന്റെ അണിയറപ്രവര്‍ത്തകരെല്ലാം അണിനിരക്കുന്ന ഗ്രാന്‍ഡ് ഇവന്റാണ് ഒരുങ്ങുന്നത്. അണിയറപ്രവര്‍ത്തകരുടെ പ്രസംഗത്തിന് മുമ്പ് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച സായ് അഭ്യങ്കറിന്റെ കണ്‍സേര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

കറുപ്പിലെ പാട്ടുകളെല്ലാം സായ് വേദിയില്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. അതില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന രണ്ട് പാട്ടുകളും അക്ഷരാര്‍ത്ഥത്തില്‍ വേദിയെ ഇളക്കിമറിച്ചു. ടീസറില്‍ ഉള്‍പ്പെടുത്തിയ ‘വെരപ്പാ’, ഫസ്റ്റ് സിംഗിളായ ‘ഗോഡ് മോഡ്’ എന്നീ പാട്ടുകളാണ് കാണികളെ ആവേശത്തിലാക്കിയത്. സായ് അഭ്യങ്കറിന്റെ തീപ്പൊരി പെര്‍ഫോമന്‍സ് ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഇതുവരെ പുറത്തുവിടാത്ത ഒരു മെലഡിയും ഇന്നത്തെ ഇവന്റില്‍ പുറത്തുവിട്ടേക്കുമെന്നാണ് കരുതുന്നത്. ഇവന്റിനെത്തിയ സൂര്യയുടെ ലുക്കും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തെക്കുറിച്ച് പല താരങ്ങളും വാതോരാതെ പ്രസംഗിക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

അങ്ങേയറ്റം കൊമേഴ്‌സ്യലായിട്ടുള്ള, സെക്കന്‍ഡ് ഹാഫില്‍ ഓരോ പത്ത് മിനിറ്റിലും ഹൈ മൊമന്റുള്ള ചിത്രമാണ് ഇതെന്ന് ആര്‍.ജെ ബാലാജി പറഞ്ഞു. ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ കറുപ്പുസ്വാമിയാണെന്നും ബാലാജി വളരെ ഗംഭീരമായി ചിത്രം ഒരുക്കിയിട്ടുണ്ടെന്നുമാണ് സൂര്യ പറഞ്ഞത്.

വരുംദിവസങ്ങളില്‍ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നും ഇതോടെ ഹൈപ്പ് ഇരട്ടിയാകുമെന്നുമാണ് കണക്കുകൂട്ടല്‍. കോമഡി സിനിമകള്‍ മാത്രം ചെയ്ത ആര്‍.ജെ ബാലാജി തന്റെ ആദ്യ മാസ് മസാല ചിത്രം എങ്ങനെയാണ് ഒരുക്കിവെച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ആക്ഷനൊപ്പം കുറച്ച് സൂപ്പര്‍ഹീറോ ടച്ച് കൂടിയുള്ള കഥയാണ് ചിത്രത്തിന്റേതെന്നും അഭ്യൂഹങ്ങളുണ്ട്.

ശരവണന്‍ എന്ന അഡ്വക്കേറ്റായാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. നട്ടി, ഇന്ദ്രന്‍സ്, ആര്‍.ജെ. ബാലാജി, സ്വാസിക, ശിവദ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മെയ് 14ന് കറുപ്പ് തിയേറ്ററുകളിലെത്തും.

Content Highlight: Sai Abhyankar’s performance in Karuppu Audio launch viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം