ന്യൂദല്‍ഹി: താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും അച്ചടക്കമുള്ള അംഗമാണെന്ന്് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പി ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍.

ഗാന്ധി ഘാതകന്‍ നാഥാറാം ഗോഡ്‌സയെ ദേശസ്‌നേഹി എന്ന് വിളിച്ചതുള്‍പ്പെടെ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്ഞ്യാസിംഗ് ഠാക്കൂര്‍.

എന്നാല്‍ ഭോപ്പാലില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രജ്ഞ്യാസിംഗ് സംഘടനയിലെ അച്ചടക്കം പോലെ തന്നെ താന്‍ പാര്‍ട്ടിയിലെ അച്ചടക്കമുള്ള നേതാവാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. എപ്പേഴാണ് തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിക്കുന്നത് അന്ന് താന്‍ അദ്ദേഹത്തെ പോയി കാണുമെന്നും പ്രജ്ഞ്യാസിംഗ് ഠാക്കൂര്‍ പറഞ്ഞു.

നാഥുറം വിനാക് ഗോഡ്‌സയെ ദേശസ്‌നേഹി എന്ന് വിളിച്ച സന്ദര്‍ഭത്തില്‍ മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രജ്ഞ്യാസിംഗിന് താക്കീത് ചെയ്തിരുന്നു. പരാമര്‍ശത്തില്‍ പ്രജ്ഞ്യാസിംഗിന് താന്‍ മാപ്പ് കൊടുക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

ഒപ്പം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ മുംബൈ എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന് പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

നിങ്ങളുടെ അവസാനമായെന്ന് താന്‍ കര്‍ക്കറയോട് പറഞ്ഞ് പറഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ കര്‍ക്കറെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പ്രജ്ഞ്യാസിങിന്റെ വാദം. എനിക്കെതിരെ തെളിവ് ലഭിച്ചില്ലെങ്കില്‍ എന്നെ വിട്ടയക്കാന്‍ ഞാന്‍ കര്‍ക്കറയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത്, ‘തെളിവുകള്‍ ഞാന്‍ കൊണ്ടുവരും, നിങ്ങളെ വിട്ടയക്കില്ല’ എന്നായിരുന്നു. നിങ്ങള്‍ തകര്‍ന്നടിയുമെന്ന് ആ സമയം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു എന്നായിരുന്നു പ്രജ്ഞ്യാ വാദിച്ചത്.