ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് 2025 ഐ.പി.എല്‍ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ആ സീസണില്‍ അദ്ദേഹം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെന്നും ഓപ്പണറായി തിളങ്ങിയിട്ടുള്ള ഋതുരാജ് ആ സീസണില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും സദഗോപന്‍ പറഞ്ഞു. നിങ്ങള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ 18 കോടി രൂപയ്ക്ക് നിങ്ങളെ ടീമിലെത്തിച്ച ഫ്രാഞ്ചൈസിയെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഋതുരാജ് എന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ സമയം 2025ലെ ഐ.പി.എല്ലിലായിരുന്നു. ആ സീസണില്‍ അദ്ദേഹം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും ഓപ്പണറായി ഇറങ്ങിയില്ല.

കോണ്‍വേ-ഗെയ്ക്വാദ് ഓപ്പണിങ് കൂട്ടുകെട്ട് നമുക്ക് കാണാനായില്ല. ഐ.പി.എല്ലില്‍ ഓപ്പണറായി തിളങ്ങിയിട്ടുള്ള ഋതുരാജ് ആ സീസണില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.

ഋതുരാജ് ഗെയ്ക്വാദ്

ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്മന്‍ ഗില്ലിന്റെ തിരിച്ചുവരവ് തന്റെ വാതില്‍ അടച്ചുവെന്നാണ് ഋതുരാജ് കരുതിയത്. അതുകൊണ്ടാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചത്. എന്നാല്‍ അത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വലിയ രീതിയില്‍ ബാധിച്ചു. നിങ്ങള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ 18 കോടി രൂപയ്ക്ക് നിങ്ങളെ ടീമിലെത്തിച്ച ഫ്രാഞ്ചൈസിയെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്,’ സദഗോപന്‍ രമേശ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2025ലെ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 150.62 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 122 റണ്‍സാണ് ഋതു നേടിയത്. 63 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ടായിരുന്നു. 2026ല്‍ സഞ്ജു സാംസണെ ടീമിലെത്തിച്ചതോടെ ഋതു വീണ്ടു ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തി.

2026 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.08 ശരാശരിയില്‍ 337 റണ്‍സാണ് താരം നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 123.40 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നിലവില്‍ ഐ.പി.എല്ലില്‍ 85 മത്സരങ്ങളിലെ 84 ഇന്നിങ്‌സില്‍ നിന്ന് 2839 റണ്‍സാണ് ഋതുരാജ് നേടിയത്.

 

Content Highlight: Sadagoppan Ramesh Criticize CSK Captain Ruturaj Gaikwad