ഇന്ത്യന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും തമ്മില്‍ താരതമ്യം ചെയ്തതിന് പിന്നാലെ ആരാധകരില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുന്‍ താരവും സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡുമായി എ.ബി. ഡി വില്ലിയേഴ്‌സ്.
ആരെയും ചെറുതാക്കി കാണിക്കാന്‍ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും, വിദേശ ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വളര്‍ച്ചയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് താന്‍ വ്യക്തമാക്കിയതെന്നും ഡി വില്ലിയേഴ്‌സ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു.
എ.ബി. ഡി വില്ലിയേഴ്‌സ്
തന്റെ മുന്‍ വീഡിയോയില്‍ സച്ചിനേക്കാള്‍ ഉയര്‍ന്ന നിലവാരമാണ് വിദേശ സാഹചര്യങ്ങളില്‍ വിരാടിനുള്ളതെന്ന തരത്തിലുള്ള ഡി വില്ലിയേഴ്‌സിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്.
‘ഇന്ത്യയ്ക്കായി ഈ വഴി വെട്ടിത്തുറന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലൊരാളെയാണ് ഞാന്‍ ഓര്‍ക്കുന്നത്. എന്നിരുന്നാലും, വിരാട് കോഹ്‌ലിയെപ്പോലെ ശക്തനായിരുന്നില്ല അദ്ദേഹം. വിരാട് അതിലും മികച്ചവനായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സബ്‌കോണ്ടിനെന്റില്‍ നിന്നുള്ള ബാറ്റര്‍മാര്‍ക്കും ബൗണ്‍സുള്ളതും സ്വിങ് ചെയ്യുന്നതുമായ സാഹചര്യങ്ങളില്‍ തിളങ്ങാനാകുമെന്ന് ആദ്യമായി കാണിച്ചുതന്നത് സച്ചിനാണ്.
വിരാട് അത് മുന്നോട്ട് കൊണ്ടുപോവുകയും നിലവാരം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് രാഹുല്‍, പടിക്കല്‍ തുടങ്ങിയ ഇന്നത്തെ നിരയിലെ കളിക്കാര്‍ സച്ചിന്റെയും വിരാടിന്റെയും വഴിയേ സഞ്ചരിക്കാന്‍ തുടങ്ങിയത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് പുതിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
‘എന്റെ വിരാട്-സച്ചിന്‍ പരാമര്‍ശത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഓര്‍ക്കുക, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഞാന്‍ ആരെയും തള്ളിക്കളയുകയോ ചെറുതാക്കുകയോ ചെയ്യുന്നില്ല.
ഞാന്‍ കാര്യങ്ങളെ എങ്ങനെ നേക്കിക്കാണുന്നു എന്നാണ് പറഞ്ഞത്. ലോകമെമ്പാടും മികച്ച രീതിയില്‍ സ്ഥിരതയോടെ കളിക്കാന്‍ എന്താണ് വേണ്ടതെന്ന് അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് വഴി കാട്ടിയത് സച്ചിനാണ്.
എന്നാല്‍ ഷാള്‍ട്ട് ബോളുകളെ പ്രതിരോധിക്കാന്‍ പ്രത്യേക വഴി കണ്ടെത്തി ഇന്ത്യന്‍ ബാറ്റിങ്ങിന് വേറൊരു ഡൈനാമിക്‌സ് നല്‍കാന്‍ വിരാടിന് സാധിച്ചു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്,’ ഡി വില്ലിയേഴ്‌സ് വിശദീകരിച്ചു.
വിരാട് കോഹ്‌ലി
ബാറ്റിങ് കണക്കുകള്‍ മാത്രം നോക്കിയല്ല താന്‍ വിലയിരുത്തല്‍ നടത്തുന്നതെന്നും ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
‘വിരാടിന്റെ വിദേശത്തെ കണക്കുകള്‍ (സ്റ്റാറ്റ്‌സ്) സച്ചിനോളം മികച്ചതല്ലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ നോക്കി നമുക്ക് പറയാം. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ കോഹ്‌ലി ഒരല്പം ബുദ്ധിമുട്ടിയിരുന്നു. എങ്കിലും വിദേശത്ത് തിളങ്ങാന്‍ ആവശ്യമായ ആത്മവിശ്വാസവും സന്തുലിതമായ ഓള്‍റൗണ്ട് ഗെയിമും കോഹ്‌ലിക്കുണ്ടായിരുന്നു.
സച്ചിനില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ കോഹ്‌ലി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോവുകയും ഒപ്പമുള്ള യുവതാരങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്തു.
വിദേശ മണ്ണില്‍ സച്ചിന്റെ റെക്കോര്‍ഡ് പോലെ മികച്ചതല്ല കോഹ്‌ലിയുടേത്, പക്ഷേ നമ്മള്‍ എപ്പോഴും സ്റ്റാറ്റുകള്‍ മാത്രം നോക്കരുത്; പ്രത്യേകിച്ച് ഞാന്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുക, മുന്നില്‍ നിന്ന് നയിക്കുക, ഓള്‍റൗണ്ട് ഗെയിം പുറത്തെടുക്കുക എന്നിവയിലൂടെ പുതിയ തലമുറയ്ക്ക് മുന്നോട്ടുള്ള വഴി എങ്ങനെയായിരിക്കണമെന്ന് കാണിച്ചുകൊടുക്കുകയാണ് വിരാട് ചെയ്തത്. അതാണ് ഞാന്‍ ഉദ്ദേശിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Sachin-Kohli comparison: AB de Villiers clarifies stance on the controversy.