എറണാകുളം: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊണ്ടുപോയ കുഞ്ഞിന് നേരെ വര്‍ഗീയ പോസ്റ്റിട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം പുറത്ത്. ശബരിമല ആചാരസംരക്ഷണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബിനില്‍.

പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ കുടിച്ച് ഫിറ്റായിരുന്നെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് ഇയാളുടെ വിശദീകരണം. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണ പോസ്റ്റിന് താഴേയാണ് ഇയാള്‍ ഇത്തരത്തില്‍ കമന്റ് ചെയ്തത്.

തുടര്‍ന്ന് ഈ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. നേരത്തെ വര്‍ഗീയ പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇട്ടത്. ഇയ്യാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് പോസ്റ്റ് കണ്ടവര്‍ പ്രതികരിച്ചു.

 

കഴിഞ്ഞ ദിവസമാണ് KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സന്‍ യാത്ര പുറപ്പെട്ടത്. കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിച്ചത്.

‘ജിഹാദിയുടെ വിത്ത്’ എന്നാണ് കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിനില്‍ വിശേഷിപ്പിച്ചത്. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പേര് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ പോസ്റ്റ്.

സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനെ തടസ്സമില്ലാതെ കടത്തിവിടണമെന്ന് പറഞ്ഞുകൊണ്ട് കേരളമാകെ ഗതാഗത സൗകര്യം ഒരുക്കിയതെന്ന് ഇയാള്‍ പോസ്റ്റില്‍ പറയുന്നു. ‘ന്യൂനപക്ഷ വിത്താ’യതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞു.

ശബരിമല ആചാരസംരക്ഷണ യജ്ഞത്തിന് താന്‍ ശബരിമലയില്‍ പോയിരുന്നു എന്ന് പറഞ്ഞുകൊണ്ട് ബിനില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലില്‍ കാണാം. എറണാകുളം കോതമംഗലത്തുള്ള കടവൂരാണ് ഇയാളുടെ സ്വദേശം എന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്
DoolNews Video