ഒരു അച്ഛനും മകനും തമ്മിലുള്ള ഇമോഷനാണ് വാരണാസിയുടെ കോര്‍, അതിനെ ചുറ്റിപ്പറ്റിയാണ് എല്ലാ ദൃശ്യവിസ്മയവും: എസ്.എസ് രാജമൗലി
Indian Cinema
ഒരു അച്ഛനും മകനും തമ്മിലുള്ള ഇമോഷനാണ് വാരണാസിയുടെ കോര്‍, അതിനെ ചുറ്റിപ്പറ്റിയാണ് എല്ലാ ദൃശ്യവിസ്മയവും: എസ്.എസ് രാജമൗലി
അമര്‍നാഥ് എം.
Sunday, 28th June 2026, 10:00 am

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകത്തിന് മുന്നില്‍ വ്യക്തമാക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് വാരണാസി. ആര്‍.ആര്‍.ആറിന്റെ ഗ്ലോബല്‍ റീച്ചിന് ശേഷം രാജമൗലി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ തന്നെ അപാരമായ വിഷ്വല്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ചു.

‘ഗ്ലോബ്‌ട്രോട്ടര്‍’ എന്ന ടാഗ്‌ലൈനിനോട് നീതി പുലര്‍ത്തിക്കൊണ്ടാണ് വാരണാസി അണിയിച്ചൊരുക്കുന്നത്. വാരണാസിയില്‍ ആരംഭിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കഴിഞ്ഞദിവസം വാരണാസിയുടെ അണിയറപ്രവര്‍ത്തകര്‍ ലോസ് ആഞ്ചലസില്‍ നടത്തിയ പ്രസ്മീറ്റ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രാജമൗലി സംസാരിച്ചു. വെറുതെ കണ്ട് മറക്കുക എന്നതിലപ്പുറം വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമായി വാരണാസിയെ മാറ്റുക എന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സീനിനെയും പെര്‍ഫക്ടായി ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സിനിമ കാണുമ്പോള്‍ അത് മനസിലാകുമെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ഐഡിയ പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന ടൈറ്റില്‍ ടീസര്‍ ഒരുങ്ങിയത്. ആഫ്രിക്കയുടെ വന്യത അതിന്റെ ഏറ്റവും മികച്ച രീതിയില്‍ ഈ സിനിമയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാനാകും. അതുപോലെ അന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പിനെ പരമാവധി നിങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് രണ്ടും ഒരു സിനിമയില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യാനാകും.

അതുപോലെ രാമായണത്തിലെ ദൈവങ്ങള്‍, ദേശീയ ദുരന്തങ്ങള്‍, ചില ഫാന്റസി എലമെന്റുകള്‍ എന്നിവയാണ് ഈ സിനിമയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന എക്‌സ്പീരിയന്‍സ്. പക്ഷേ, ഈ സിനിമയുടെ കോര്‍, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇമോഷന്‍ എന്ന് പറുയന്നത് ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്. അതിലൂടെയാണ് കഥ വികസിക്കുന്നത്,’ രാജമൗലി പറയുന്നു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു ആദ്യമായാണ് രാജമൗലിയുമായി കൈകോര്‍ക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് അനൗണ്‍സ് ചെയ്ത വാരണാസിയുടെ ലൊക്കേഷന്‍ ഹണ്ടിന് വേണ്ടി മാത്രം ഒരു വര്‍ഷത്തിനടുത്ത് സമയമെടുത്തിരുന്നു. മലയാളികളുടെ സ്വന്തം പൃഥ്വിരാജാണ് ചിത്രത്തില്‍ വില്ലന്‍. പ്രിയങ്ക ചോപ്രയാണ് നായിക. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: S S Rajamouli saying that Varanasi is about a bond between a father and son

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം