കോഴിക്കോട്: കഥാകൃത്ത് എസ്. ഹരീഷിന് നേരെ വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് പൊലീസ് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. മീശ എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി.

സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണിക്കും പിന്നാലെ തന്റെ നോവല്‍ എസ്.ഹരീഷ് നേരത്തെ പിന്‍വലിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന “മീശ” എന്ന നോവലാണ് ഹരീഷ് പിന്‍വലിച്ചത്. ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണു തീരുമാനമെന്നായിരുന്നു എസ്.ഹരീഷ് പറഞ്ഞത്. നോവലില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് സംഘപരിവാര്‍ വിവാദമാക്കിയത്.


Read Also : ‘മീശ’ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്


നോവലിലെ രണ്ടാം അധ്യായത്തിലെ കഥാപാത്ര സംഭാഷണത്തെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍ വധഭീഷണി മുഴക്കുകയും രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഹരീഷ് നോവല്‍ പിന്‍വലിച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.