സഞ്ജു സാംസണെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഞാന്‍ അല്ല പറയുന്നത്: എസ്. ബദ്രീനാഥ്
Cricket
സഞ്ജു സാംസണെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഞാന്‍ അല്ല പറയുന്നത്: എസ്. ബദ്രീനാഥ്
ശ്രീരാഗ് പാറക്കല്‍
Friday, 3rd July 2026, 5:00 pm

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രീനാഥ്. ഫോമിലുള്ള ഒരു താരത്തിന് ശരിയായ സമയത്ത് അവസരം നല്‍കണമെന്നും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വൈഭവെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ടി-20 ലോകകപ്പിന് ശേഷം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ വൈഭവ് പുറത്തിരിക്കുമ്പോള്‍ സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ബദ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

വൈഭവ് സൂര്യവംശി

‘ഫോമിലുള്ള ഒരു താരത്തിന് ശരിയായ സമയത്ത് അവസരം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോഴാണ് അവന് അവസരം നല്‍കേണ്ടത്. ഫോം നഷ്ടപ്പെട്ടതിന് ശേഷം കളിപ്പിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. കായികരംഗത്ത് ആത്മവിശ്വാസമാണ് എല്ലാം. ഇപ്പോള്‍ അവന്‍ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ്. അതുകൊണ്ട് തന്നെ അവനെ തീര്‍ച്ചയായും കളിപ്പിക്കണം.

അതേസമയം, ടി-20 ലോകകപ്പിന് ശേഷം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന കാര്യം മറക്കരുത്. ലോകകപ്പിന് ശേഷം ശ്രദ്ധേയമായ ഒരു പ്രകടനവും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. കൂടാതെ സഞ്ജു സാംസണെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഞാന്‍ അല്ല പറയുന്നത്. എന്നാല്‍ മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശി പുറത്തിരിക്കുമ്പോള്‍, ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്,’ തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണ്‍

ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. അയര്‍ലാന്‍ഡ് പരമ്പരയിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി വെറും അഞ്ച് റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി-20യിലും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ലോകകപ്പിന് ശേഷമുള്ള ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ ടീമിന്റെ റണ്‍വേട്ടക്കാരനായിരുന്നു താരം.

അതേസമയം ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026ലും ഐ.പി.എല്ലില്‍ സെഞ്ച്വറി നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ബുംറയടക്കം പേരുകേട്ട ലോകോത്തര ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. വരും മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: S Badrinath Talking About Vaibhav Sooryavanshi And Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ