തിരിച്ചുവരവിന് ശേഷം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ ജ്യോതിക സൂര്യയോടൊപ്പം പിന്നീട് ഒരു സിനിമ പോലും ചെയ്തില്ല. നല്ല സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ മാത്രമേ താനും സൂര്യയും അഭിനയിക്കുകയുള്ളൂവെന്ന് ജ്യോതിക അറിയിച്ചിരുന്നു. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരെയും സ്‌ക്രീനില്‍ കാണാനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ ജ്യോതിക അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ഏത് സിനിമയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് സിനിമകളാണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ളത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 എന്നിവയാണ് ആ സിനിമകള്‍.
വിശ്വനാഥ് ആന്‍ഡ് സണ്‍സിലാണ് ഇരുവരും ഒന്നിക്കാനുള്ള സാധ്യതകളെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ടീസറിലും മറ്റ് അപ്‌ഡേറ്റുകളിലും സൂര്യയെയും മമിതയെയും മാത്രമാണ് ഫോക്കസ് ചെയ്തിട്ടുള്ളത്. സൂര്യയുടെ പാസ്റ്റില്‍ താരത്തിന്റെ ജോഡിയായി ജ്യോതിക വന്നേക്കുമെന്ന് ശക്തമായ റൂമറുകള്‍ പുറത്തുവരുന്നു.
ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ 47ല്‍ നസ്രിയയാണ് നായിക. എന്നാല്‍ സൂര്യയുടെ ജോഡിയല്ല നസ്രിയയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ കോമഡി എന്റര്‍ടൈനറായൊരുങ്ങുന്ന സൂര്യ 47ല്‍ ജ്യോതികയും ഭാഗമാകാനുള്ള സാധ്യതകളേറെയാണ്. കഴിഞ്ഞദിവസം സൂര്യയും ജ്യോതികയും ജിത്തു മാധവനൊപ്പം മലയാളചിത്രം ബാലന്‍ കാണുന്നതിന്റെ ഫോട്ടോ വൈറലായതിന് പിന്നാലെയാണ് സൂര്യ- ജ്യോതിക റീയൂണിയനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
1999ലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പൂവെല്ലാം കേട്ടുപ്പാര്‍ ആയിരുന്നു ആദ്യചിത്രം. പിന്നീട് ഉയിരിലെ കലന്തത്, കാക്ക കാക്ക, ജൂണ്‍ R, പേരഴഗന്‍, മായാവി എന്നിങ്ങനെ സൂപ്പര്‍ഹിറ്റുകളാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. 2006ല്‍ പുറത്തിറങ്ങിയ സില്ലുന് ഒരു കാതലാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമായിരുന്നു ഇരുവരുടെയും വിവാഹം.