ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ചരിത്രവിജയത്തോടെ മോളിവുഡിലെ തന്റെ സ്ഥാനം മറ്റാര്‍ക്കും സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിവിന്‍ പോളി. പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ബ്രേക്ക് നല്‍കി തന്റെ സ്‌ട്രോങ് സോണില്‍ ശ്രദ്ധ നല്‍കാന്‍ പോവുകയാണെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലൈനപ്പുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചില അപ്‌ഡേറ്റുകളും ഒപ്പം ചില സര്‍പ്രൈസുകളും പുറത്തുവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷൂട്ട് നടക്കുന്ന സിനിമകളുടെ ടൈറ്റിലും വരാനിരിക്കുന്ന പ്രൊജക്ടുകളുടെ അനൗണ്‍സ്‌മെന്റും ഇതിനൊപ്പമുണ്ടാകും. ഒക്ടോബര്‍ 11നാണ് നിവിന്റെ ബര്‍ത്ത്‌ഡേ. പ്രധാനമായും മൂന്ന് സിനിമകളുടെ അപ്‌ഡേറ്റാണ് സിനിമാപേജുകള്‍ പ്രതീക്ഷിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്ന NP 51ന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് ഇതില്‍ ആദ്യത്തേത്. നവാഗതനായ നാഷിദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രുക്മിണി വസന്താണ് നായിക. റോം കോം എന്നാകും ചിത്രത്തിന്റെ ടൈറ്റിലെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. രുക്മിണിയുടെ മോളിവുഡ് എന്‍ട്രി ഗംഭീരമാകുമെന്നാണ് പ്രതീക്ഷ.

പ്രേമത്തിന് ശേഷം നിവിന്‍- അല്‍ഫോണ്‍സ് പുത്രന്‍ കോമ്പോ ഒന്നിക്കുന്ന വിജയത്തിന്റെ അപ്‌ഡേറ്റും ഒക്ടോബര്‍ 11ന് ഉണ്ടായേക്കും. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ബൈക്ക് റേസിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് വിജയം.

മോഹന്‍ലാലിന് ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച തരുണ്‍ മൂര്‍ത്തിക്കൊപ്പവും നിവിന്‍ പോളി കൈകോര്‍ക്കുന്നുണ്ടെന്ന് റൂമറുകളുണ്ട്. അനൗണ്‍സ് ചെയ്ത പ്രൊജക്ടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷമാകും തരുണ്‍- നിവിന്‍ കോമ്പോ ഒന്നിക്കുക. തരുണിന്റെ സ്‌ട്രോങ് സോണായ ഫീല്‍ ഗുഡ് ഡ്രാമയിലേക്ക് നിവിന്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

ഇതിന് പുറമെ ചില സര്‍പ്രൈസ് അപ്‌ഡേറ്റുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍വ്വം മായയിലൂടെ തന്റെ ഓഡിയന്‍സിനെ തിരിച്ചുപിടിച്ച നിവിന്‍ ബെത്‌ലഹേമിലൂടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുകാലത്ത് തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പഴയ നിവിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Content Highlight: Rumors that Nivin Pauly might join hands with Tharun Moorthy