ഫഹദിന് വെച്ചത് ഏറ്റെടുക്കാന്‍ നിവിന്‍, ഇത്തവണ കളി കളറാകും, ഒന്നൊന്നര ഐറ്റം ലോഡിങ്
Malayalam Cinema
ഫഹദിന് വെച്ചത് ഏറ്റെടുക്കാന്‍ നിവിന്‍, ഇത്തവണ കളി കളറാകും, ഒന്നൊന്നര ഐറ്റം ലോഡിങ്
അമര്‍നാഥ് എം.
Monday, 27th April 2026, 10:41 pm

യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടന്മാരിലൊരാളാണ് നിവിന്‍ പോളി. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നിവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്ക് ബോക്‌സ് ഓഫീസില്‍ നിവിന് ചെറുതായി അടിതെറ്റിയിരുന്നു.

തുടര്‍ പരാജയങ്ങളിലൂടെ ആരാധകരെ നിരാശപ്പെടുത്തിയ നിവിന്‍ കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ സര്‍വ്വം മായയിലൂടെ തിരിച്ചുവന്നു. സര്‍വ്വം മായക്ക് ശേഷം താരത്തിന്റേതായി പുറത്തുവന്ന രണ്ട് സിനിമകള്‍ നിരാശപ്പെടുത്തിയെങ്കിലും ഇനിയുള്ള ലൈനപ്പ് വലിയ പ്രതീക്ഷ നല്‍കുന്നവയാണ്. ഇപ്പോഴിതാ ആ ലൈനപ്പിലേക്ക് പുതിയൊരു ചിത്രം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംവിധായകരില്‍ മിനിമം ഗ്യാരണ്ടിയുള്ള വിപിന്‍ ദാസുമൊത്ത് നിവിന്‍ കൈകോര്‍ക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്യുകയും വാഴ, വാഴ 2 എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്ത വിപിന്‍ ദാസുമൊത്ത് നിവിനുമൊത്ത കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

ഫഹദ് ഫാസിലിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണ് ഇതെന്നും കഥയില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് വിപിന്‍ നിവിന് വേണ്ടി ഈ ചിത്രം മാറ്റിയെഴുതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫഹദ് ഫാസിലിനൊപ്പം എസ്.ജെ സൂര്യയെയും പ്രധാന കഥാപാത്രമാക്കി വിപിന്‍ ദാസ് ചെയ്യാനിരുന്ന പ്രൊജക്ടായിരുന്നു ഇത്.

 

ഗ്യാങ്സ്റ്റര്‍- ആക്ഷന്‍ കോമഡി ഴോണറില്‍ രണ്ട് താരങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രൊജക്ട് പിന്നീട് പല കാരണങ്ങളും കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ നിവിന്‍ പോളിക്ക് വേണ്ടി ആ സ്‌ക്രിപ്റ്റ് വിപിന്‍ ദാസ് എങ്ങനെയാകും മാറ്റിയെഴുതുക എന്നറിയാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

നിലവില്‍ പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ടുള്ള സന്തോഷ് ട്രോഫിയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണ് വിപിന്‍ ദാസ്. ഇതിന് ശേഷം വാഴ 3യുടെ സ്‌ക്രിപ്റ്റിലേക്ക് വിപിന്‍ കടക്കും. നിവിനാകട്ടെ ഗിരീഷ് എ.ഡിയുമൊത്തുള്ള ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഷൂട്ടിലാണ്. ഇതിന് ശേഷം തമിഴ് ചിത്രം ബെന്‍സ്, അല്‍ഫോണ്‍സ് പുത്രനൊപ്പമുള്ള പ്രൊജക്ട് എന്നിവയിലേക്ക് കടക്കും. 2027ലാകും വിപിന്‍ ദാസ്- നിവിന്‍ പ്രൊജക്ട് ആരംഭിക്കുകയെന്ന് കരുതുന്നു.

Content Highlight: Rumors that Nivin Pauly and Vipin Das joining hands for a project

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം