32 കോടിയേ പറ്റൂള്ളൂവെന്ന് പറഞ്ഞവര്‍ 150 കോടി തരാമെന്നാക്കിയിട്ടുണ്ട്, ഒറ്റ ഇലക്ഷന് പിന്നാലെ ജന നായകന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കാന്‍ ഭീമന്മാര്‍ രംഗത്ത്
Indian Cinema
32 കോടിയേ പറ്റൂള്ളൂവെന്ന് പറഞ്ഞവര്‍ 150 കോടി തരാമെന്നാക്കിയിട്ടുണ്ട്, ഒറ്റ ഇലക്ഷന് പിന്നാലെ ജന നായകന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കാന്‍ ഭീമന്മാര്‍ രംഗത്ത്
അമര്‍നാഥ് എം.
Thursday, 14th May 2026, 9:35 pm

ഈ വര്‍ഷം ഏറെ അനിശ്ചിതത്വം നിറഞ്ഞ ചിത്രമായിരുന്നു ജന നായകന്‍. ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രം ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയ ചിത്രം നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ സമാനതകളില്ലാത്തതാണ്. വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാനിരുന്ന ആരാധകര്‍ക്ക് പോലും നിരാശരായിരുന്നു.

പ്രദര്‍ശനാനുമതിക്കായി കോടതിയെ വരെ സമീപിച്ചെങ്കിലും ഇലക്ഷന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള നിര്‍മാതാക്കളുടെ ശ്രമം വിഫലമായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ചിത്രം വീണ്ടും വൈകുകയായിരുന്നു. ഇതിനിടയില്‍ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായതോടെ നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലായി. ഇതോടെ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സില്‍ നിന്ന് ആമസോണ്‍ പ്രൈം പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നു.

ഇപ്പോഴിതാ ഇലക്ഷനില്‍ വിജയ് ചരിത്രവിജയം നേടിയ മുഖ്യമന്ത്രിയായതോടെ ജന നായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെക്കാള്‍ വലിയ ഹീറോയിസമാണ് ഒ.ടി.ടി ലോകത്ത് അരങ്ങേറുന്നത്.

ചിത്രത്തിന്റെ റൈറ്റ്‌സിനായി വമ്പന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം റൈറ്റ്‌സ് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം അവരുടെ തുക 120 കോടിയില്‍ നിന്ന് 32 കോടിയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോഴിതാ പഴയ അതേ തുക തരാമെന്ന് പറഞ്ഞ് ആമസോണ്‍ പ്രൈം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സും ജന നായകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിനിമം 150 കോടിക്കാകും ചിത്രത്തിന്റെ റൈറ്റ്‌സ് അവസാനം വിറ്റുപോവുക എന്നാണ് കരുതുന്നത്. തമിഴ് സിനിമയിലെ ഏറ്റവുമുയര്‍ന്ന തുക ജന നായകന്‍ സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിക്കല്‍ വേണ്ട എന്ന് പറഞ്ഞവര്‍ തന്നെ വീണ്ടും ചിത്രത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് വന്‍ ഹീറോയിസമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

400 കോടി ബജറ്റിലാണ് ജന നായകന്‍ അണിയിച്ചൊരുക്കിയത്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയാ തമിഴക വെട്രി കഴകത്തെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളും ജന നായകനിലുണ്ട്. ദളപതിയുടെ വണ്‍ ലാസ്റ്റ് ഡാന്‍സ് അധികം വൈകാതെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Rumors that Jana Nayagan OTT rights price hiked for 150 crores after Election

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം