ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കിയ ജയിലറിന്റെ രണ്ടാം ഭാഗം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ്. 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ ആദ്യഭാഗം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ ജയിലര്‍ 2 ഇനിയും ഷൂട്ട് ബാക്കിയുണ്ട്. ചിത്രത്തില്‍ പല വമ്പന്‍ താരങ്ങളും അതിഥിവേഷത്തിലെത്തുന്നത് ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചിത്രത്തിന്റെ ഷൂട്ട് പകുതിയായപ്പോള്‍ തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ ജയിലര്‍ 2ല്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് റൂമറുകള്‍ പുറത്തുവന്നിരുന്നു.
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ക്കൊപ്പം ബാലകൃഷ്ണയും ഒന്നിക്കുന്ന മാസ് ഫ്രെയിം പലരും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഈ റൂമര്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പിന്നീടാണ് എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഷാരൂഖ് ഖാന്റെ സാന്നിധ്യം ജയിലര്‍ 2ല്‍ ഉണ്ടെന്ന അഭ്യൂഹം പുറത്തുവന്നത്. ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ അഭിമുഖത്തിന് പിന്നാലെയാണ് ഷാരൂഖിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചത്.
എല്ലാ സൂപ്പര്‍താരങ്ങളും അണിനിരക്കുന്ന ബ്രഹ്‌മാണ്ഡ ഫ്രെയിം പലരും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇതും വ്യാജമാണെന്ന് പിന്നീട് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴിതാ ജയിലര്‍ 2ല്‍ സ്‌പെഷ്യല്‍ കാമിയോയായി ബോളിവുഡ് താരം ഹൃതിക് റോഷന്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഏറെക്കുറെ ഉറപ്പായെന്നാണ് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൃതിക് റോഷനും രജിനികാന്തും ഒന്നിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ ഭഗവാന്‍ ദാദയില്‍ ഹൃതിക് ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഭഗവാന്‍ ദാദ എന്ന കഥാപാത്രത്തെയായിരുന്നു രജിനി അവതരിപ്പിച്ചത്. സ്‌ക്രീന്‍ പ്രസന്‍സിന്റെ തലതൊട്ടപ്പന്മാര്‍ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണ് ജയിലര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ഇത്തവണ നേരിടാന്‍ പോകുന്നത് വലിയ വില്ലന്മാരെയാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, വിനയകന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സുജിത് ശങ്കര്‍, അന്ന രാജന്‍, സുനില്‍ സുഖദ തുടങ്ങി മലയാളികളുടെ നീണ്ട നിരയും ജയിലര്‍ 2ലുണ്ട്.
Content Highlight: Rumors that Hrithik Roshan might play the cameo in Jailer 2 movie