സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പേ നായകനായെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. മാര്‍ക്കോ എന്ന വയലന്‍സ് ആക്ഷന്‍ ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സ് നിര്‍മിക്കുന്ന കാട്ടാളന്റെ ഓരോ അപ്‌ഡേറ്റും ചര്‍ച്ചയായിരുന്നു.
സമ്മര്‍ സീസണിലെ അവസാന റിലീസായെത്തുന്ന കാട്ടാളന്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യം കൊണ്ടാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ് ഇന്ന് പുറത്തുവിട്ട അനൗണ്‍സ്‌മെന്റാണ് ചര്‍ച്ചയായത്. കാട്ടാളന് മൂന്ന് ക്രെഡിറ്റ് സീനുകളുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്.
കാട്ടാളന്‍ Photo: Cubes Entertainment/ X.com
എന്‍ഡ് ടൈറ്റിലുകള്‍ എഴുതിത്തീരുന്നത് വരെ കാത്തിരിക്കണമെന്നും ചില സര്‍പ്രൈസുകള്‍ കാത്തിരിക്കുന്നുണ്ടെന്നും അനൗണ്‍സ്‌മെന്റിലുണ്ട്. ‘അവസാനം വരെ കാത്തിരിക്കൂ, വേട്ട ഇവിടെ അവസാനിക്കുന്നില്ല’ എന്നാണ് പോസ്റ്ററിലുള്ളത്. ഇതിന് പിന്നാലെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ ഒരു കാമിയോ ഉണ്ടായേക്കുമെന്നും അത് ആരായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ കൂടുകയാണ്.
മാര്‍ക്കോ യൂണിവേഴ്‌സായേക്കുമെന്നും ഉണ്ണി മുകുന്ദന്റെ അതിഥിവേഷമുണ്ടായിരിക്കുമെന്നും ആദ്യം കേട്ടിരുന്നു. എന്നാല്‍ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സും ഉണ്ണി മുകുന്ദനും തമ്മില്‍ അഭിപ്രായവ്യത്യാസത്തിലാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെ ക്ലൈമാക്‌സിലെ കാമിയോയുടെ ലിസ്റ്റില്‍ പല പേരുകളും ഉയര്‍ന്നുകേള്‍ക്കുകയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ് ഇതില്‍ ആദ്യത്തേത്. ക്യൂബ്‌സിന്റെ അടുത്ത പ്രൊജക്ട് മമ്മൂട്ടിയോടൊപ്പമായതിനാലാണ് കാട്ടാളനിലെ കാമിയോയി അദ്ദേഹത്തിന്റെ പേര് മുന്‍പന്തിയിലുള്ളത്. മോഹന്‍ലാലിന്റെ പേരും ഇതില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തന്റെ സാന്നിധ്യം കൊണ്ട് ഒരു സിനിമയുടെ റേഞ്ച് മാറ്റാന്‍ സാധ്യതയുള്ള മോഹന്‍ലാലിന്റെ അതിഥിവേഷം കാട്ടാളനെയും മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
പൃഥ്വിരാജിന്റെ പേരും ലിസ്റ്റിലുണ്ട്. മലയാളത്തില്‍ ഏറ്റവും നന്നായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് കാട്ടാളനിലുണ്ടെങ്കില്‍ ഗംഭീരമാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ക്കോ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദന് പകരം പൃഥ്വിരാജിനെ റീപ്ലേസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. മാര്‍ക്കോയുടെ സീക്വല്‍ വരുന്നുണ്ടെങ്കില്‍ അതില്‍ പൃഥ്വിരാജ് തന്നെയാണ് മറ്റൊരു ഓപ്ഷനെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രമാണ് കാട്ടാളന്‍. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ജഗദീഷ്, കബീര്‍ ദുഹാന്‍ സിങ്, സിദ്ദിഖ്, ഹനാന്‍ ഷാ, ഹിപ്സ്റ്റര്‍ തുടങ്ങിയവരാണ് കാട്ടാളനിലെ മറ്റ് താരങ്ങള്‍.
Content Highlight: Rumors about the cameo role in Kattalan movie